ഇരിങ്ങല്‍ ഭാഗത്തെ 22ഓളം സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഒരു ഹോട്ടലിന് നോട്ടീസ്


പയ്യോളി: കൊയിലാണ്ടി സര്‍ക്കിളിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന. ഇരിങ്ങല്‍ ഭാഗത്തെ 22 സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ വിവിധ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഒരു ഹോട്ടലിന് നോട്ടീസ് നല്‍കി. മേഖലയിലെ അഞ്ച് ഫിഷ് സ്റ്റാളുകളില്‍ നിന്നായി മത്സ്യത്തിന്റെ 15 സാമ്പിളുകളും ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും കോഴിയിറച്ചിയും സര്‍വെയ്ലന്‍സ് സാമ്പിള്‍ ആയി ശേഖരിച്ചു.

അയനിക്കാടുള്ള ഹോട്ടലില്‍ നിന്നും ചില്ലി ഗോപി സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ആയി ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മേഖലയിലെ ഭക്ഷ്യോല്പന്നങ്ങള്‍ വിതരണം ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാന്‍ ഇന്ന് വ്യാപക പരിശോധന നടത്തും. ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വടകര ഡോട് ന്യൂസിനോടു പറഞ്ഞു.