ഇരിങ്ങല്‍ കൊളാവിപ്പാലത്ത് വഴിത്തര്‍ക്കത്തിനിടെ യുവതിയെ മണ്‍വെട്ടികൊണ്ട് ആക്രമിച്ച സംഭവം; 35 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
പയ്യോളി: പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിന് ഇരിങ്ങള്‍ കൊളാവിപ്പാലത്ത് യുവതിയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലിസ്. മുപ്പത്തിയഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാട്ടുകാരായ അഞ്ചുപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിനാണ് കൊളാവി സ്വദേശി ലിഷക്ക് ആക്രമണമേറ്റത്. തലയ്ക്ക് മണ്‍വെട്ടികൊണ്ടുളള അടിയേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് എടുത്തത്.
കൊളാവി സ്വദേശി ലിഷയുടെ പറമ്പലൂടെ വഴിവെട്ടുന്നത് സംബന്ധിച്ച് നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണിറക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. തടയാന്‍ ശ്രമിക്കുന്നതിനിടെ ആദ്യം കല്ലേറുണ്ടായെന്നും പിന്നീട് മണ്‍വെട്ടി ഉപയോഗിച്ച് ആക്രമിച്ചെന്നും ലിഷ പറഞ്ഞു.ഇവരുടെ പറമ്പിലൂടെയുളള നടവഴി വീതികുട്ടുന്നതിനെ ചൊല്ലിയാണ് നിലവിലെ പ്രശ്‌നം. പറമ്പിലൂടെയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് അനുകൂല കോടതി വിധി നിലനില്‍ക്കെയാണ് പുതിയ സംഭവമെന്നും ഇവര്‍ പറയുന്നു.
മുപ്പതോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചത്. മണ്‍വെട്ടികൊണ്ടുളള അടിയേറ്റ് രക്തം വാര്‍ന്നുകിടന്നിട്ടും ഏറെ നേരം ആരും ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് പയ്യോളി പൊലീസെത്തിയ ശേഷമാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.