ഇരിങ്ങത്ത് – നരക്കോട് റോഡില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി കുഴികള്‍; റോഡ് റീ ടാര്‍ ചെയ്യണമെന്നാവശ്യവുമായി നാട്ടുകാര്‍
മേപ്പയൂര്‍: ഇരിങ്ങത്ത് – നരക്കോട് റോഡില്‍ വാഹനങ്ങള്‍ കുഴിയില്‍ താഴുന്നത്
പതിവാകുന്നു. കുടിവെള്ള പൈപ്പ് ഇടാന്‍ വേണ്ടി കുഴിച്ച കുഴിയാണ് വാഹനങ്ങള്‍ക്ക് അപകടക്കെണിയായി മാറിയത്. റോഡിന്റെ എതിര്‍ ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ പല വാഹനങ്ങളും കുഴിയില്‍ താഴ്ന്ന്
ചരിഞ്ഞു അപകടത്തില്‍ പെടുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
ഇരിങ്ങത്ത് മുതല്‍ നടുവണ്ണൂര്‍ വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള പുതിയ പൈപ്പ് ലൈനിനു വേണ്ടി റോഡിന് സമീപത്ത് കുഴികള്‍ എടുത്തത്. ആറ് മാസം പിന്നിട്ടിട്ടും പൈപ്പ് ഇടുന്ന പ്രവൃത്തി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതാണ് ഇപ്പോള്‍ ഇരിങ്ങത്ത് – നരക്കോട് റോഡിലെ വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നത്.
ലോഡുമായി വരുന്ന വാഹനങ്ങളാണ് അപകടത്തില്‍പെടുന്നവയില്‍ കൂടുതലും. കഴിഞ്ഞ ദിവസങ്ങളില്‍ മരവുമായും, ഇലക്ട്രിക്കല്‍ ഉപകരണവുമായി എത്തിയ വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ താഴ്ന്നു പോയിരുന്നു. മഴക്കാലമായതോടെ പ്രദേശത്ത് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും വര്‍ധിച്ചു.
പയ്യോളിയില്‍ നിന്നും നടുവണ്ണൂരിലേക്ക് പെട്ടന്ന് എത്താന്‍ സാധിക്കുന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസവും ഇത് വഴി കടന്ന് പോകുന്നത്. അതിനാല്‍ അപകട സാധ്യതയും കൂടുതലാണ്. റോഡരികിലെ കുഴി മാറ്റി റീ ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നരക്കോട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ജിതിന്‍ അശോകന്‍ ഇതു സംബന്ധിച്ച് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.