കെ.പി അനില്‍കുമാര്‍ ഇനി സി.പി.എമ്മില്‍; ചുവന്ന ഷാള്‍ അണിയിച്ച് കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേരും. അദ്ദേഹം അല്പസമയത്തിനകം എ.കെ.ജി സെന്ററിലേക്ക് പോകുമെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തും.

‘മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയില്‍ ഇനിയുള്ള കാലം സി.പി.എമ്മിനോടൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘ അനില്‍ കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരു ഉപാധിയുമില്ലാതെയാണ് താന്‍ സി.പി.എമ്മില്‍ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

’43 വര്‍ഷം കോണ്‍ഗ്രസിനകത്ത് പ്രവര്‍ത്തിച്ചിട്ട് എനിക്ക് പാര്‍ട്ടികത്ത് സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നല്ലാതെ മറ്റൊന്നും വാങ്ങിയിട്ടില്ല. ഇനി ഇന്ന് അവിടെ പോയിട്ട് അത് വേണം ഇത് വേണം എന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്’ എന്തെങ്കിലും ഉപാധികളോടെയാണോ സി.പി.എമ്മില്‍ ചേരുന്നതെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സംശുദ്ധമായ രാഷ്ട്രീയം, ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം, സത്യസന്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതിന് സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.