ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് എടിഎം തട്ടിപ്പ്; കോഴിക്കോട് യുവാവ് അറസ്റ്റില്‍


കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി യുവതിയുമായി പരിചയപ്പെട്ട് സൗഹൃദം നടിച്ച് എടിഎം കാര്‍ഡ് കവര്‍ന്ന് പണം തട്ടിയയാള്‍ പിടിയില്‍. തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാനെയാണ്(19) കസബ സിഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം.

കോഴിക്കോട് സ്വദേശിയായ അമ്പതുകാരിയാണ് കസബ പൊലീസില്‍ പരാതിയുമായെത്തിയത്. അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായെന്നും എടിഎം കാര്‍ഡ് വീട്ടിലുണ്ടെന്നുമായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് തവണയായി അക്കൗണ്ടില്‍ നിന്ന് 44,000 രൂപ നഷ്ടപ്പെട്ടെന്ന് ബോധ്യമായി. കല്ലായി റോഡ്, ഫോക്കസ് മാള്‍, ചെറൂട്ടി റോഡ് എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ബാങ്കിന്റെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ഒരു യുവാവ് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.സിസിടിവി ദൃശ്യം പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാനായത്.

നേരത്തെ പരാതിക്കാരിയുടെ അയല്‍വാസിയായിരുന്ന യുവാവ് ഇവരുടെ ഇളയ മകളുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സൗഹൃദം മുതലെടുത്താണ് ഇയാള്‍ എടിഎം കാര്‍ഡ് കൈക്കലാക്കിയത്. 500 രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ പെണ്‍കുട്ടി ഇയാളുടെ സഹായം തേടിയിരുന്നു. പിന്‍ നമ്പര്‍ മനസ്സിലാക്കിയ ഇയാള്‍ കാര്‍ഡ് കൈമാറാതെയാണ് ബാക്കി തുക പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇയാള്‍ക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ട്. എസ്ഐ ശ്രീജിത്ത്, പൊലീസുകാരായ സുധര്‍മന്‍, ഷെറീനാബി, ടൗണ്‍ സ്റ്റേഷനിലെ സിപിഒ അനൂജ്, സജീവന്‍ എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.