ഇന്‍സ്റ്റഗ്രാം ഇനി ‘ഫ്രീ’ ആയിരിക്കില്ല; പണം കൊടുക്കേണ്ടിവരും, സംഭവം ഇങ്ങനെ
കോഴിക്കോട്: യുവതലമുറയില്‍ ഉള്ളവര്‍ കൂടുതല്‍ സജീവമായി ഇടപെടുന്ന സാമൂഹ്യ മാധ്യമമാണ് ഇന്‍സ്റ്റഗ്രാം. റീലിസ് നിര്‍മ്മിക്കാനും സ്റ്റോറികള്‍ പങ്കുവെക്കാനും സന്ദേശങ്ങള്‍ കൈമാറാനും അങ്ങനെ പലവിധ ഉപയോഗങ്ങള്‍ക്കായി നമ്മള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇന്‍സ്റ്റയിലെ ഫ്രീകാലം തീരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയും ഇപ്പോള്‍ വരുകയാണ്.
ഫ്രീകണ്ടന്റ് കാലത്തിന് വിരാമം കുറിക്കുന്ന ഈ രീതിയില്‍. ചില കണ്ടന്റ് ക്രിയേറ്റേര്‍സിന് തങ്ങളുടെ തീര്‍ത്തും എക്‌സ്‌ക്യൂസീവായ കണ്ടന്റുകള്‍ (വീഡിയോ, പോസ്റ്റ്,സ്റ്റോറി എന്തുമാകാം) കാണണമെങ്കില്‍ തങ്ങളുടെ ഫോളോവേര്‍സിനോട് പണം ആവശ്യപ്പെടാം. ഇത്തരത്തിലുള്ള ഒരു രീതി അധികം വൈകാതെ ടിക്ടോക് അടക്കം ആലോചിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
ഇന്‍സ്റ്റയുടെ പുതിയ രീതി സംബന്ധിച്ച് ലഭിക്കുന്ന ചില സൂചനകള്‍ ഇങ്ങനെയാണ്, നേരിട്ടുള്ള ഇടപാടായിരിക്കും ഇത്. അതായത് കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരില്‍ നിന്ന് നേരിട്ട് പണം വാങ്ങാനുള്ള അനുമതിയായിരിക്കും നല്‍കുക. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസെറിയുടെ സമീപകാല വെളിപ്പെടുത്തലില്‍ ഇത് മറ്റാരും നല്‍കാത്ത ഫീച്ചറാണ് എന്നാണ് പറഞ്ഞത്.
ഇന്ത്യയിലും ഇത് പരീക്ഷിക്കുന്നു എന്നതാണ് ഇതിലെ പുതിയ വാര്‍ത്ത. ഇന്‍സ്റ്റഗ്രാം ടിപ്പ്സ്റ്റെറായ സാല്‍മന്‍ മേമന്‍ ഇത് സംബന്ധിച്ച സൂചന നല്‍കിയെന്നാണ് ബിജിആറിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. തുടക്കത്തില്‍ ഈ ഫീച്ചര്‍ കുറച്ച് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുക. തങ്ങളുടെ എക്‌സ്‌ക്ലൂസിവ് ഉള്ളടക്കങ്ങള്‍ വിഡിയോ, സ്‌റ്റോറീസ് തുടങ്ങിയവ കാണുന്നതിന് സബ്‌സ്‌ക്രൈബര്‍മാരില്‍ നിന്ന് പണം ഈടാക്കാമെന്നാണ് പറയുന്നത്.
ഇത്തരത്തില്‍ പെയ്ഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ യൂസര്‍ നെയിമിന് അടുത്ത് പര്‍പ്പിള്‍നിറത്തിലുള്ള ബാഡ്ജ് ഉണ്ടാകും എന്നാണ് സൂചന. ഇതിപ്പോള്‍ അമേരിക്കയിലും ഇന്ത്യയിലുമുള്ള ചില ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇന്‍സ്റ്റഗ്രം നല്‍കിയിരിക്കുന്നത്. പ്രാദേശിക നാണയത്തില്‍ പണം സ്വീകരിക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഇന്‍സ്റ്റഗ്രാം പെയിഡ് പ്ലാനുകള്‍ 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ജീവിക്കാനുള്ള പണം കിട്ടാന്‍ സഹായിക്കുക എന്നത് മെറ്റാ കമ്പനിയുടെ ലക്ഷ്യങ്ങളിലൊന്നാണ് എന്ന് ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു.