ഇന്ന് ലോക വയോജനദിനം; വാര്‍ദ്ധക്യം ഒരു കുറ്റമാണോ? ചേര്‍ത്തുനിര്‍ത്താം നമ്മള്‍ക്കൊപ്പം


തൊരു ദിനാചരണവും കേവലം ഓർമപ്പെടുത്തലിനുമാത്രമല്ല വിഭാവനം ചെയ്തിരിക്കുന്നത്. സമൂഹത്തിന്റെ വിചിന്തനത്തിനുവേണ്ടിക്കൂടിയാണ്. ആ നിലയിൽ ഏറെ പ്രാധാന്യമർഹിക്കുന്നൊരു ദിനാചരണമാണ് ‘ലോക വയോജനദിനം’ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകമെങ്ങും ഒക്ടോബർ ഒന്ന് വയോജനദിനമായി ആചരിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഭയവും പലവിധ പ്രതിസന്ധികളുമാണ് കോവിഡ് മഹാമാരിമൂലം ലോകമെങ്ങുമുള്ള വയോജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ആരോഗ്യപരമായ ആശങ്കകൾക്കപ്പുറം പട്ടിണി, വിവേചനം, ഒറ്റപ്പെടൽ എന്നിവയും വയോജനങ്ങള്‍ നേരിടുന്നു.
വികസ്വര-അവികസിത രാജ്യങ്ങളിലാണ് സ്ഥിതി ഗുരുതരം.

എന്താണ് വാർധക്യം

വാർധക്യത്തെ ജീവിതത്തിന്റെ സ്വാഭാവികമായ അവസാനഘട്ടം എന്നരീതിയിലാണ് മുൻകാലങ്ങളിൽ കണ്ടിട്ടുള്ളത്. എന്നാൽ, വാർധക്യത്തെ ഒരു രോഗമെന്നോണം സമീപിക്കുന്ന പ്രവണത അടുത്തകാലത്തായി വർധിച്ചുവരുന്നുണ്ട്. പക്ഷേ, എന്താണ് വാർധക്യമെന്നതിൽപ്പോലും ഏകാഭിപ്രായമില്ലെന്നതാണ് സത്യം. സമീപകാലംവരെ വാർധക്യമെന്ന് പരിഗണിച്ചിരുന്ന പ്രായം ഇന്ന് മധ്യവയസ്സായാണ് ഏറിയപങ്കും കരുതപ്പെടുന്നത്. മുൻകാലങ്ങളിൽ വളരെ കുറച്ചുപേർമാത്രമാണ് ഇന്ന് വാർധക്യമെന്ന് പൊതുവിൽ കരുതുന്ന പ്രായത്തിലേക്ക്‌ ജീവിച്ചിരുന്നതെന്നും ഇവിടെ ഓർമിക്കേണ്ടതാണ്. അറുപതാം പിറന്നാൾ എന്നത് വലിയ നേട്ടമായി അടുത്തകാലംവരെ കൊണ്ടാടിയിരുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ, ഇന്ന് അതിനുതുല്യമായി നാം കരുതുന്ന പ്രായം എഴുപത്തഞ്ചോ അതിനുമുകളിലോ ആണ്.

അറുപതും അതിനുമേൽ പ്രായമുള്ളവരെയുമാണ് പൊതുവിൽ വയോജനങ്ങളായി കണക്കാക്കുന്നത്. നിലവിൽ 90 കോടി വയോജനങ്ങൾ ലോകത്തുണ്ട്. 2050-ൽ അവരുടെ അംഗസംഖ്യ 200 കോടി കവിയും എന്നും കണക്കാക്കുന്നു. അപ്പോൾ ലോകജനസംഖ്യയിൽ അഞ്ചിലൊന്ന് വയോജനമായിരിക്കും. ഏഷ്യയിലും ആഫ്രിക്കയിലുമായിരിക്കും വയോജനസംഖ്യ ഏറ്റവുംകൂടിയ നിരക്കിൽ ഉയരുക. അവിടങ്ങളിൽ ഇപ്പോൾ ഉള്ളതിന്റെ മൂന്നിരട്ടിയായിമാറും വയോജനത. 2050-ൽ ഓസ്ട്രേലിയ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലാവട്ടെ പ്രതീക്ഷിക്കുന്ന വർധന 20മുതൽ 84 ശതമാനം വരെയും.

വാര്‍ദ്ധക്യം എന്നാല്‍ ഒറ്റപ്പെടല്‍ ആണോ?

പ്രായമായവർ നേരിടുന്ന ഒറ്റപ്പെടൽ വലിയൊരു മാനസികാരോഗ്യപ്രശ്നമാണ്. വാർധക്യത്തിനുമുമ്പ്‌ ഇതിനുതകുന്ന സാമൂഹികബന്ധങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ഇതിന്‌ ഏറ്റവും ഫലപ്രദമായ മാർഗം. ആഗോളവത്കരണത്തിന്റെ ഭാഗമായി കുടുംബവ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ വലിയൊരുവിഭാഗം മുതിർന്നവർക്കും ഇളയതലമുറയിൽപ്പെട്ടവരുമായി നിരന്തരസമ്പർക്കം സാധ്യമല്ല. ദീർഘകാലം കഴിക്കേണ്ടുന്ന മരുന്നുകൾ കാലാനുസൃതമായി പുനർവിചിന്തനം ചെയ്യേണ്ടതാണ്. മരുന്നുകളുടെ അമിതോപഭോഗം കൃത്യമായി നിയന്ത്രിക്കുക. അതോടൊപ്പം മുതിർന്നവ്യക്തികൾ ആസ്പത്രികളിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുക.

വാർധക്യത്തിലെ ആരോഗ്യപരിപാലനത്തിനായി ചെറുപ്പംമുതൽക്കേ തയ്യാറെടുപ്പുകൾ വേണം. ശാരീരികവ്യായാമങ്ങളും നല്ല ഭക്ഷണവും ശീലമാക്കാനും പുകവലിയും അമിത മദ്യപാനവും ഒഴിവാക്കാനും കുട്ടികളെ പരിശീലിപ്പിക്കണം. ആരോഗ്യപരിചരണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന നിഷ്ഠയാണ്‌ എന്ന തിരിച്ചറിവുണ്ടാകണം.