ഇന്ന് മഹാനവമി; ആഘോഷങ്ങളെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്; പേരാമ്പ്ര എളമാരന്‍ കുളങ്ങര ക്ഷേത്രത്തില്‍ ഹരിശ്രീ കുറിക്കാന്‍ പ്രത്യേകം കിറ്റുകള്‍
പേരാമ്പ്ര: ഇന്ന് മഹാനവമി. വിദ്യാദേവതയുടെ കടാക്ഷം തേടി വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ പൂജയ്ക്കു വെച്ചു. ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ വൈകുന്നേരമാണ് ക്ഷേത്രങ്ങളിലും വീടുകളിലും പൂജവെയ്പ് നടന്നത്. മഹാനവമി ദിനമായ ഇന്ന് ആയുധപൂജയാണ്. വിജയദശമി ദിനമായ നാളെയാണ് പൂജയെടുപ്പ്. തുടര്‍ന്ന് വിദ്യാരംഭം നടക്കും.
കോവിഡ് പ്രോട്ടോക്കോളുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് കഴിഞ്ഞതവണത്തെപ്പോലെ കടുത്ത നിയന്ത്രണങ്ങളില്ല. ഒന്‍പത് ശക്തി സങ്കല്പങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നവരാത്രി. ദേവിയുടെ യുദ്ധവിജയവുമായി ബന്ധപ്പെടുത്തി ഉത്തരേന്ത്യയില്‍ ആയുധപൂജയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ മലയാളികള്‍ അക്ഷര പൂജ നടത്തി സരസ്വതിയെ ആരാധിക്കുന്നു.
നവരാത്രിയുടെ അവസാന മൂന്നുദിവസം തിരക്കേറുമെന്നതിനാല്‍ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തിരക്ക് നിയന്ത്രിച്ച് പ്രവേശനം അനുവദിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളായ അഴകൊടി ദേവീക്ഷേത്രം, വളയനാട് ദേവീക്ഷേത്ര, തളി ക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. തളി ബ്രാഹ്‌മണ സമൂഹ മഠത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്കായി ബൊമ്മക്കൊലു ഒരുക്കിയിട്ടുണ്ട്.
പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ഇന്നലെ ഗ്രന്ഥം വെപ്പ് നടന്നു. നാളെ വാഹനപൂജ, വിജയ ദശമി പൂജ, ഗ്രന്ഥമെടുപ്പ്, സരസ്വതി പൂജ തുടങ്ങിയവ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിജയശദശമി ദിനത്തില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടക്കുമെന്ന് ശശികുമാര്‍ പേരാമ്പ്ര (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍) പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെയായിരിക്കും ഹരിശ്രീ എഴുതിക്കുക. ഇതിനായി ഓരോ കുട്ടിക്കും പ്രത്യേക കിറ്റ് ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്യും.
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും ആനകളുടെ അകമ്പടിയോടെ മൂന്നുനേരം കാഴ്ചശീവേലിയുണ്ട്. ഗജരാജന്‍ ചിറക്കല്‍ കാളിദാസനാണ് എഴുന്നള്ളിപ്പിന് അണിനിരന്നത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിമുതലാണ് പിഷാരികാവില്‍ പൂജവെയ്പ്പ് ആരംഭിച്ചത്. അതിനുശേഷം ദീപാരാധനവും സരസ്വതി പൂജയും നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിജയശദശമി ദിനത്തില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടക്കും.