ഇന്ന് നൃത്തത്തിന്റെ ദിവസം, ഈ ദിവസമെങ്കിലും ചർച്ച ചെയ്യാം നൃത്തം ഉപജീവനമാക്കിയവരുടെ പ്രതിസന്ധി


കൊയിലാണ്ടി: നൃത്തത്തെ സ്നേഹിക്കുന്നവരും നൃത്തത്തെ ഉപജീവനമാക്കിയവരും ആഘോഷിക്കുന്ന ദിവസമാണ് ലോക നൃത്തദിനമായ ഏപ്രിൽ 29. കഴിഞ്ഞ രണ്ടു വർഷമായി ഈ മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ ജീവിത അവസ്ഥ വളരെ പരിതാപകരമാണ്. കോവിഡ് തീർത്ത പ്രതിസന്ധി ഇക്കൂട്ടരെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നൃത്ത പരിശീലന ക്ലാസ്സുകൾ കാര്യമായ രീതിയിൽ നടന്നിട്ടില്ല.

ഉത്സവ – ആഘോഷ പരിപാടികളും സ്കൂൾ കലോത്സവങ്ങളും മാറ്റി വെയ്ക്കപ്പെട്ട സാഹചര്യത്തിൽ പുറത്തറിയിക്കാൻ പറ്റാത്ത കഷ്ടപ്പാടുകളുടെ ഭാരത്തിലാണ് മിക്ക കലാകാരൻമാരുമുള്ളത്. എങ്കിലും ഹൃദയത്തോട് ചേർത്തുപിടിച്ച നൃത്തത്തെ ജീവനെക്കാളേറെ സ്നേഹിക്കുന്നവരാണിവർ. മഹാമാരിയുടെ ദുരിതകാലത്തും അതിരുകളില്ലാതെ ദേശത്തിനും വർണ്ണത്തിനും സംസ്ക്കാരത്തിനുമപ്പുറം മാനവ ഹൃദയങ്ങളിൽ സാന്ത്വനത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ചലനങ്ങൾ ചുവടുകളാൽ തീർക്കാൻ സാധിക്കുമെന്നാണ് നൃത്ത പ്രേമികൾ വിശ്വസിക്കുന്നത്.

മുദ്രകളിലൂടെയും പദ ചലനങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും ആസ്വാദകരുമായി സംവദിക്കുന്ന നൃത്തം. ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന കലാരൂപമാണ്. നൃത്തത്തിൽ ഗോത്രസമൂഹത്തിന്റെ തപ്പും തുടിയും ചുവടുകളും മുതൽ പരിഷ്കൃത സമൂഹത്തിന്റെ പുതുപുത്തൻ ചുവടുവെപ്പുകൾ വരെ ഉൾപ്പെടുന്ന വൈവിധ്യമാർന്ന രൂപങ്ങൾ ഉണ്ട്.

നൃത്തത്തിലെ എക്കാലത്തേയും പ്രതിഭയായ ഫ്രഞ്ചുകാരൻ ജീൻ ജോർജ് നോവറിന്റെ ജൻമദിനമാണ് ലോക നൃത്ത ദിനമായി ആചരിക്കുന്നത്. അടച്ചിടലും നിയന്ത്രണങ്ങളും തീർത്ത വിരസതയിൽ നവമാധ്യമങ്ങൾ തീർത്ത സാധ്യതകളിൽ നൃത്തത്തിലുള കഴിവ് തെളിയിക്കുന്നവർ ഏറെയാണ്.