ഇന്ന് ചെറിയ വിളക്കാഘോഷം, കോമത്ത് പോയി ഉത്സവം ക്ഷണിച്ചു; പിഷാരികാവ് ഭക്തിസാന്ദ്രം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി ഞായറാഴ്ച ചെറിയ വിളക്ക്. ഇന്ന് രാവിലെ കാഴ്ച ശീവേലിക്ക് ശേഷം ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ചടങ്ങ് നടന്നു. വൈകീട്ട് പാണ്ടിമേള സമേതമുളള കാഴ്ച ശീവേലിയുണ്ടാവും.
ചെറിയ വിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരം കോമത്ത് പോകുന്ന ചടങ്ങാണ് കോമത്ത് പോക്ക്. ഉത്സവത്തിന് കോമത്ത് തറവാട്ടുകാരെ ക്ഷണിക്കാനുള്ള യാത്രയാണിത്. കോമരത്തിനെ കോമത്തുകാർ നിലവിളക്ക്, നിറനാഴി, നാളികേരം ഇവ നാക്കിലയിൽ വെച്ച് എതിരേൽക്കുകയും തറവാട്ട് കാരണവർ കൈപിടിച്ച് ആനയിക്കുകയും ചെയ്യുന്നു. കോമരം വീട്ടുകാരെ അരിയെറിഞ്ഞ് ആശിർവദിക്കുന്നു.
ദേവി സങ്കല്പം കുടികൊള്ളുന്ന നാന്ദകം പൂജിക്കാൻ അമ്പലം പണിയാൻ സ്ഥലം നൽകിയത് അന്നത്തെ ജന്മിയായ കോമത്ത്ന്നോൽ ആയിരുന്നു. തുടർന്ന് ഉത്സവം നടത്തുമ്പോൾ സ്ഥലം നൽകിയ ജൻമിയായ കോമത്തുന്നോലെ ക്ഷണിക്കാൻ ദേവിയുടെ പ്രതീകമായി ക്ഷേത്രത്തിലെ പ്രധാന കോമരം (കാരണവർ) കോമത്തേക്ക് പോവുന്ന ചടങ്ങാണ് കോമത്ത് പോക്ക്. കോമത്ത് വീട്ടിലെ ഒരു മുറിയിൽ ദേവിയുടെ സങ്കല്പമുണ്ട്. അവിടെയാണ് കോമരം പോവുക. തുടർന്ന് അരുളപ്പാട് പറയുകയും ചെയ്യും.
മറ്റു ആളുകളെ ക്ഷണിക്കാൻ വണ്ണാൻ വീടുകൾ തോറും കയറിയിറങ്ങി ഉത്സവം അറിയിക്കും. വണ്ണാൻ വന്ന് കിഴക്കെ നടയിൽ നിന്ന ശേഷമെ കോമരം കോമത്തേക്ക് പുറപ്പെടുകയുള്ളൂ. ഇതു വണ്ണാന്റെ വരവ് എന്നറിയപ്പെടുന്നു.