ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യത: കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗമുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുത്ത ന്യൂനമര്‍ദങ്ങളാണ് മഴകനക്കാന്‍ ഇടയാക്കിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്.

തിരുവനന്തപുരത്ത് മഴ ശക്തമാണ്. രാത്രിമുതല്‍ തീരപ്രദേശങ്ങളിലും മലയോരങ്ങളിലും മഴ തുടരുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരള തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.