ഇന്ന് അര്‍ധരാത്രി മുതല്‍ കടുത്ത നിയന്ത്രണം: ലംഘിച്ചാല്‍ വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കും


കോഴിക്കോട്: ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം. അത്യാവശ്യയാത്രകള്‍ അനുവദിക്കണമെങ്കില്‍ കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. രേഖകള്‍ ഇല്ലാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങളും രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുമണിവരെയാണ് പ്രവര്‍ത്തിക്കുക. കെ.എസ്.ആര്‍.ടി.സിയും അത്യാവശ്യ സര്‍വീസുകളും മാത്രമേ അനുവദിക്കുകയുള്ളൂ.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തില്‍പ്പെട്ടതുമായ കേന്ദ്ര സംസ്ഥാന, അര്‍ധസംസ്ഥാന സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സേ്റ്റാറുകളടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, ടെലികോം ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്.

തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറില്‍ കാര്‍ഡുമായി യാത്ര ചെയ്യാം. ചരക്ക് വാഹനങ്ങള്‍ക്കും തടസമില്ല. അനാവശ്യയാത്രയെങ്കില്‍ കേസെടുക്കാനും വാഹനം പിടിച്ചെടുക്കാനുമാണ് തീരുമാനം.