അധ്യാപക ദിനത്തില്‍ ബ്ലാക്ക് ബോര്‍ഡിനപ്പുറത്തേക്കുള്ള കാഴ്ചയുമായി ചിത്രകലാധ്യാപകര്‍


നടക്കാവ്: ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകർക്കുള്ള ആദരവായി ബിയോണ്ട് ബ്ലാക്ക് ബോർഡിന്റെ റിലീഫ് ശിൽപ്പം “ഇംപ്രഷന്‍സ്’ പ്രകാശനം ചെയ്തു. ജില്ലയിലെ ആറു പൊതുവിദ്യാലയങ്ങളിലെ ആറ്‌ ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയാണ് ബിയോണ്ട് ബ്ലാക്ക് ബോര്‍ഡ്. അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം സര്‍ഗാത്മകമാക്കുന്നതിന്റെ ഭാഗമായാണ്‌ “ഇംപ്രഷന്‍സ്’ എന്ന റിലീഫ് ശിൽപ്പം നൽകിയത്‌. കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകത്തിനെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിക്കുന്ന സൃഷ്ടിയാണിത്‌.

നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഈ ചിത്രകലാ കൂട്ടായ്മയുടെ അംഗങ്ങളായ പി സതീഷ് കുമാര്‍ (പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സുരേഷ് ഉണ്ണി (പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഹാരൂണ്‍ അല്‍ ഉസ്മാന്‍ (തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കൃഷ്ണന്‍ പാതിരിശ്ശേരി (കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), രാംദാസ് കക്കട്ടില്‍ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെറുവണ്ണൂര്‍), സിഗ്‌നി ദേവരാജ് (റിട്ട. മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) എന്നിവരിൽനിന്നും കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ വി പി മിനി ശിൽപ്പം ഏറ്റു വാങ്ങി.

സജീഷ് നാരായണന്‍, പി പ്രേംകുമാര്‍, കെ ഷാജിമോന്‍, മിത്തു തിമോത്തി, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സുനില്‍ തിരുവങ്ങൂര്‍, ജില്ലാ എഡ്യൂമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ യു കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.