ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; പുറത്തിറങ്ങുന്നവർ സത്യവാങ്ങ്മൂലം കൈയിൽ കരുതണം


കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. എല്ലാവരും വീട്ടിൽ കുടുംബത്തോടൊപ്പം തന്നെ കഴിയണം എന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. അത്യാവശ്യത്തിനുമാത്രമേ പുറത്തിറങ്ങാവൂ. അപ്പോൾ സ്വന്തം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. തുടർന്ന് എന്തൊക്കെ നിയന്ത്രണങ്ങൾ വേണമെന്ന് തിങ്കഴാഴ്ച സർവകക്ഷി യോഗത്തിൽ തീരുമാനിക്കും.

നിയന്ത്രണങ്ങൾ ഇങ്ങനെ

അത്യാവശ്യ സർവീസുകൾക്ക് മാത്രം പ്രവർത്തിക്കാൻ അനുമതി.

ടെലികോം, ഐ.ടി., ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ

ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പാൽ, മത്സ്യം, മാംസം തുടങ്ങിയ വിൽക്കുന്ന കടകൾ

ഹോട്ടലുകൾക്കും റെസ്റ്റോറൻറുകൾക്കും ഹോം ഡെലിവറി നടത്താം.

അത്യാവശ്യഘട്ടങ്ങളിൽ ഹോട്ടലുകളിൽ പോയി ഭക്ഷണംവാങ്ങാം. ഇതിനായി സ്വന്തം തയ്യാറാക്കിയ സത്യപ്രസ്താവന കൈയിൽ കരുതണം.

വീടുകളിൽ മത്സ്യം എത്തിച്ച് വിൽക്കാം, വിൽപ്പനക്കാർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം.

അനാവശ്യപരിപാടികളും യാത്രകളും മാറ്റിവെക്കണം.

നേരത്തേ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം.

ഹാളുകൾക്കുള്ളിൽ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമായിരിക്കും പ്രവേശനം.

മരണാനന്തരചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാം.

വിവാഹം, മരണം മുതലായ ചടങ്ങുകൾ, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്രചെയ്യാം. സത്യപ്രസ്താവന കൈയിൽ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ യാത്രചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.

ട്രെയിൻ, വിമാന സർവീസുകൾ പതിവുപോലെ ഉണ്ടായിരിക്കും.

പോലീസ് പരിശോധിക്കുമ്പോൾ ടിക്കറ്റ് അഥവാ ബോർഡിങ് പാസും തിരിച്ചറിയൽ കാർഡും കാണിക്കണം.

പൊതുഗതാഗത സൗകര്യങ്ങൾ പരിമിതമായിരിക്കും.

വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.