ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച മോദിയുടെ സാമ്പത്തിക പരിഷ്‌കാരത്തിന് അഞ്ചു വര്‍ഷം; നോട്ട് നിരോധനത്തിന്റെ കെടുതികളില്‍ നിന്ന് ഇനിയും മോചിതമാകാതെ രാജ്യം
കോഴിക്കോട്: ഒന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായി നോട്ട് നിരോധനത്തിന്റെ അഞ്ചാം വാര്‍ഷികമാണ് ഇന്ന്. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ വെറും കടലാസു കഷ്ണങ്ങളായി.
2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്കായിരുന്നു മോദി നോട്ട് നിരോധനം രാജ്യത്തോട് പ്രഖ്യാപിക്കുന്നത്. പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 85 ശതമാനം ഒറ്റയടിക്ക് അസാധുാവക്കിയപ്പോള്‍ വെപ്രാളപ്പെട്ട സാധാരണക്കാര്‍ നെട്ടോട്ടം തുടങ്ങി. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ഡിസംബര്‍ 30 വരെയായിരുന്നു അനുവദിക്കപ്പെട്ട സമയം.
അടുത്ത ദിവസം മുതല്‍ രാജ്യത്തെ ബാങ്കുകളുടെ മുന്നില്‍ നീണ്ട ക്യൂകള്‍ രൂപ്പെട്ടു. ദിവസങ്ങളോളം ഈ ക്യൂ പതിവുകാഴ്ചയായിരുന്നു. ഡിസംബര്‍ 30 ന് ശേഷവും ബാങ്കുകളിലെ ആള്‍ക്കൂട്ടം തുടര്‍ന്നപ്പോള്‍ സമയപരിധി നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തങ്ങള്‍ അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യം വെറും കടലാസായി മാറിയപ്പോള്‍ അത് മാറ്റിയെടുക്കാനായി വരി നിന്ന് നൂറുകണക്കിനാളുകളാണ് കുഴഞ്ഞുവീണ് മരിച്ചത്.
നോട്ട് നിരോധനത്തിന്റെ തുടര്‍ചലനങ്ങള്‍ രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര ഭീകരമായിരുന്നു. ലക്ഷക്കണക്കിന് ചെറുകിട വ്യവസായ യൂണിറ്റുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടി. സംഘടിതമേഖലയില്‍ 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെങ്കില്‍ അസംഘടിക മേഖലയില്‍ അതിന്റെ എത്രയോ മടങ്ങ് അധികം ആളുകളാണ് തൊഴില്‍രഹിതരായത്.
നോട്ട് നിരോധനത്തിന്റെ തൊട്ടുമുമ്പ് 8.2 ശതമാനമായിരുന്ന ഇന്ത്യന്‍ ജി.ഡി.പി 2019-20 ആയപ്പോഴേക്കും നാല് ശതമാനകത്തിലേക്ക് കൂപ്പുകുത്തി. സര്‍ക്കാര്‍ അവകാശപ്പെട്ട എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടുള്ള ഫലമാണ് നോട്ട് നിരോധനം നല്‍കിയത്. 18 ലക്ഷം കോടി നോട്ടുകളില്‍ അഞ്ചുലക്ഷം കോടി മടങ്ങി വരില്ല എന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ കണക്കനുസരിച്ച് ഏതാണ്ട് നൂറ് ശതമാനം നോട്ടുകളും മടങ്ങിയെത്തി. ഇതില്‍ നിന്ന് വ്യക്തമാണ് നോട്ട് നിരോധനം എത്രത്തോളം പരാജയപ്പെട്ട തുഗ്ലക്ക് പരിഷ്‌കാരമായിരുന്നുവെന്ന്.
കള്ളപ്പണം തടയുക എന്ന പ്രഖ്യാപിതലക്ഷ്യം തകര്‍ന്നടിഞ്ഞപ്പോള്‍ പുതിയ അടവുമായി കേന്ദ്രസര്‍ക്കാര്‍ എത്തി. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളെ കൂടുതലായി പ്രോത്സാഹിപ്പിക്കാനാണ് നോട്ട് നിരോധിച്ചത് എന്നായി അടുത്ത ന്യായീകരണം.
നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് പകരമായി എത്തിയത് പുതിയ അഞ്ഞൂറിന്റെയും 2000-ത്തിന്റെയും നോട്ടുകളാണ്. 2000-ത്തിന്റെ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന അന്നത്തെ ‘തള്ളു’കള്‍ ഇന്നും ജനങ്ങള്‍ ഓര്‍ത്ത് ചിരിക്കുന്നു. ഈ 2000-ത്തിന്റെ നോട്ടുകള്‍ ഇന്ന് അപൂര്‍വ്വമായി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്നതും യാഥാര്‍ത്ഥ്യമാണ്.
സാമ്പത്തിക രംഗത്ത് പൂര്‍ണ്ണമായി പരാജയപ്പെട്ട മോദിയുടെ വിപ്ലവമായിരുന്നു നോട്ട് നിരോധനം. ഇതിന് പിന്നില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന വാദവും ഉണ്ട്. ഏറ്റവുമടുത്ത സഹപ്രവര്‍ത്തകരില്‍ നിന്ന് പോലും മറച്ച് വച്ച് അതീവ രഹസ്യമാക്കി വച്ച് പൊടുന്നനെ പ്രഖ്യാപിച്ച മോദിയുടെ നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇന്നും അജ്ഞാതമാണ്.
പ്രചാരത്തിലുണ്ടായിരുന്ന കറന്‍സികള്‍ പിന്‍വലിച്ച് പകരം പുതിയ കറന്‍സി ഇറക്കുന്നത് ലോകത്ത് പല രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അത് ഇന്ത്യയിലെ പോലെ അശാസ്ത്രീയമായി ജനങ്ങളുടെ നടുവൊടിച്ച് കൊണ്ടായിരുന്നില്ല.
50 ദിവസങ്ങള്‍ കഴിഞ്ഞും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ എന്നെ പച്ചയ്ക്ക് കത്തിക്കൂ എന്നാണ് നോട്ട് നിരോധിച്ച ശേഷം മോദി വികാരാധീനനായി പറഞ്ഞത്. ഇന്നിപ്പോള്‍ അഞ്ച് വര്‍ഷമായി. പ്രശ്‌നങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. നരേന്ദ്രമോദി ഇന്നും നമ്മളെ ഭരിക്കുന്നു.