ഇനി മുതല്‍ മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം നിങ്ങള്‍ക്ക് നേരിട്ട് മെസേജ് അയക്കും; കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്, വിശദമായി അറിയാം (വീഡിയോ)
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ മെറ്റയുടെ തന്നെ കീഴിലുള്ള വാട്ട്‌സ്ആപ്പ് ഉപയോഗിക്കാതെ ഒരു ദിവസം കടന്ന് പോകുന്നത് ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ വാട്ട്‌സ്ആപ്പ് പുതിയൊരു കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
ബ്രോഡ്കാസ്റ്റിങ് ഫീച്ചറായ ചാനലുകളാണ് വാട്ട്‌സ്ആപ്പ് ഇപ്പോള്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വാട്ട്‌സ്ആപ്പ് ചാനല്‍ സേവനം ലഭ്യമാകും. ഇന്‍സ്റ്റഗ്രാമിലുള്ള ചാനലുകള്‍ക്ക് സമാനമാണ് വാട്ട്‌സ്ആപ്പ് ചാനലും. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സാധിക്കുന്ന സംവിധാനമാണ് വാട്ട്‌സ്ആപ്പ് ചാനല്‍. ഒരു ദിശയില്‍ മാത്രമാണ് ചാനലില്‍ ആശയവിനിമയം നടക്കുക.
സാധാരണ ചാറ്റുകളില്‍ നിന്ന് മാറി വേറെ തന്നെയായാണ് വാട്ട്‌സ്ആപ്പില്‍ ചാനലുകള്‍ കാണാന്‍ കഴിയുക. അപ്‌ഡേറ്റ്‌സ് എന്ന പേരിലുള്ള പ്രത്യേക ടാബിലാണ് ഉപഭോക്താവ് ഫോളോ ചെയ്യുന്ന ചാനലുകളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും കാണാന്‍ കഴിയുക. ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ചാനലുകളിലേക്ക് എത്താന്‍ കഴിയും.
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റികളുടെയും ടീമുകളുടെയുമെല്ലാം ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് ഫോളോ ചെയ്യാന്‍ സാധിക്കും. ടെക്‌സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ തുടങ്ങിയവയെല്ലാം ചാനലുകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സാധിക്കും. നമ്മുടെ ഇഷ്ടചാനലുകള്‍ വാട്ട്‌സ്ആപ്പില്‍ നിന്ന് തന്നെ തിരഞ്ഞ് കണ്ടെത്താനും കഴിയും.
സ്വകാര്യത ഉറപ്പുവരുത്തുന്ന ഫീച്ചറാണ് ചാനലുകള്‍. ഒരു ചാനല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് അതേ ചാനല്‍ ഫോളോ ചെയ്യുന്ന മറ്റ് ഉപഭോക്താക്കളെ കാണാനോ അവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാനോ കഴിയില്ല.
ഉപഭോക്താക്കള്‍ക്ക് മറുപടി സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ലെങ്കിലും ചാനലുകളിലെ മെസേജുകള്‍ക്ക് ഇഷ്ടമുള്ള ഇമോജി ഉപയോഗിച്ച് റിയാക്ഷന്‍ നല്‍കാന്‍ സാധിക്കും. ഒരു മെസേജിന് ലഭിച്ച ആകെ റിയാക്ഷനുകളുടെ എണ്ണവും ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയും. ചാനലിലെ മെസേജുകള്‍ പരമാവധി 30 ദിവസം വരെ വാട്ട്‌സ്ആപ്പിന്റെ സെര്‍വ്വറില്‍ സൂക്ഷിക്കും.
മെറ്റ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ചലച്ചിത്രതാരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി നിരവധി പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ഇതിനകം വാട്ട്‌സ്ആപ്പ് ചാനലുകള്‍ ആരംഭിച്ച് കഴിഞ്ഞു. എല്ലാ സെലിബ്രിറ്റികളും തങ്ങളുടെ വാട്ട്‌സ്ആപ്പ് ചാനല്‍ ലിങ്ക് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ വാട്ട്‌സ്ആപ്പില്‍ ചാനല്‍ സേവനം മെറ്റ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഈ ഫീച്ചര്‍ എത്തുന്നത് ഇന്നാണ്. മറ്റൊരു മെസേജിങ് ആപ്പായ ടെലിഗ്രാമില്‍ നേരത്തേ തന്നെ നിലവിലുള്ള ഫീച്ചറാണ് ചാനല്‍.
വീഡിയോ കാണാം:
English Summary: WhatsApp introduced new feature called Channels now available in India what is it, how it works know everything here.