ഇനി പാലം കടക്കാം; കീഴരിയൂർ തുറയൂർ റോഡിൽ നടക്കല്‍ പാലത്തിന് ശിലയിട്ടു


കീഴരിയൂര്‍: കീഴരിയൂര്‍ തുറയൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊടിയാടി റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടക്കല്‍ പാലത്തിന് ഇന്ന് ശിലാസ്ഥാപനം നടത്തി. മന്ത്രി ടി.പി.രാമകൃഷ്ണനാണ് പാലത്തിന് ശിലാസ്ഥാപനം നടത്തിയത്. കീഴരിയൂര്‍ ചെറുപുഴയ്ക്ക് കുറുകെ 3.12 കോടി രൂപ ചെലവഴിച്ചാണ് നടക്കല്‍ പാലം നിര്‍മ്മിക്കുന്നത്.

നടപ്പാത ഉള്‍പ്പടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. അകലാപ്പുഴയുടെ തീരത്ത് കൂടിയാണ് റോഡ് കടന്നു പോകുന്നത്. തൊട്ടടുത്തുളള മുറി നടക്കല്‍ പാലത്തിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. മുറിനടക്കല്‍ പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഭരണാനുമതി ഉടന്‍ ലഭിക്കും.

രണ്ട് പാലങ്ങളുടെയും നിര്‍മ്മാണത്തിന് എട്ട് കോടി രൂപ ബഡ്ജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലന് നായർ അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുറ്റിഓയത്തിൽ ഗോപാലന്‍, തുറയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.എം.രാമകൃഷ്ണന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലീന പുതിയോട്ടില്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ബി.ബൈജു, ഓവര്‍സിയര്‍മാരായ എന്‍.ഷജില, പി.നിരഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.