പേരാമ്പ്രക്കാരേ നീന്തല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടോ? നിങ്ങള്‍ക്കായി വെള്ളിയൂരില്‍ നീന്തല്‍കുളം ഒരുങ്ങുന്നു


പേരാമ്പ്ര: കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരെയും നീന്തല്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിയൂരില്‍ നീന്തല്‍കുളം ഒരുങ്ങുന്നു. വെള്ളിയൂര്‍ അങ്ങാടിയില്‍ നിന്ന് നൂറ് മീറ്റര്‍ ദൂരെയുള്ള വയലിലാണ് കുളം നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2020 – 21 വര്‍ഷത്തെ പദ്ധതി വിഹിതമായ 50 ലക്ഷം രൂപയും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച
50 ലക്ഷം രൂപയും ഉപയോഗിച്ച് 40 സെന്റ് സ്ഥലത്താണ് കുളവും അനുബന്ധ നിര്‍മ്മാണവും നടത്തുക.

നീന്തല്‍ കുളത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പും രണ്ടാം ഘട്ടം തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ഞ്ചിനിയറിംഗ് വിഭാഗവും നേതൃത്വം നല്‍കും. ഒരു കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന കുളത്തിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ഏറ്റെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയുടെ അദ്ധ്യക്ഷതയില്‍ നീന്തല്‍ക്കുളത്തിന്റെ പ്രവ്യത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.

നീന്തല്‍ കുളം യാഥാര്‍ത്ഥ്യമാകുന്നതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇനി സുഖമായി നിന്തല്‍ പരിശീലിക്കാം. പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇത് നല്‍കേണ്ടത് പഞ്ചായത്താണ്. വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ അറിയുമൊയെന്ന് പരിശോധിക്കാനുള്ള സംവിധാനം മിക്കവാറും പഞ്ചായത്തുകളിലും ഇല്ല. വെള്ളിയൂരില്‍ നീന്തല്‍ കുളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.