ഇനി ക്ലാസ് കട്ടാക്കല്‍ എളുപ്പമാകില്ല; ഇ-ഹാജര്‍ പട്ടികയുമായി പേരാമ്പ്രയിലെ അധ്യാപകന്‍ മുഹമ്മദ് ഷാഫി


പേരാമ്പ്ര: കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ക്ലാസുകള്‍ ഒണ്‍ലൈനായാണ് നടക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീട്ടിലിരുന്നു കുട്ടികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയും. എന്നാല്‍ എല്ലാവരും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാറുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പുവരുത്താന്‍ സാധ്യമല്ല. കുട്ടികളുടെ ഹാജര്‍ കുട്ടികളുടെ ഹാജര്‍നില പരിശോധിക്കാന്‍ ഇ-ഹാജര്‍ പട്ടിക നിര്‍മ്മിച്ചിരിക്കുകയാണ് പേരാമ്പ്രയിലെ അധ്യാപകന്‍. പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷാഫിയാണ് ഇ-ഹാജര്‍ തയ്യാറാക്കിയത്.

ഓരോ ദിവസത്തെയും ക്ലാസിന്റെ മുമ്പ് നല്‍കുന്ന ലിങ്ക് ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ രേഖപ്പെടുത്താനും ക്ലാസിന്റെ അവസാനത്തില്‍ ഹാജര്‍ റിപ്പോര്‍ട്ട് ക്ലാസ് ഗ്രൂപ്പുകളില്‍ ലഭ്യമാക്കുന്ന രീതിയിലാണ് സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം. കുട്ടികള്‍ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി അവരുടെ റോള്‍ നമ്പര്‍ ഉപയോഗിച്ച് ഹാജര്‍ സോഫ്റ്റ്‌വെയറിലൂടെ അറിയാന്‍ സാധിക്കും.

ഓരോ യൂനിറ്റിന്റെയും അവസാനത്തില്‍ വിദ്യാര്‍ത്ഥി എത്ര ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തു എന്ന് രക്ഷാകര്‍ത്താവിന് പരിശോധിക്കാനും സോഫ്റ്റ്‌വെയറിലൂടെ കഴിയും. സ്വന്തം ക്ലാസില്‍നിന്ന് തുടങ്ങിയ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം സ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് ഷാഫി.