ഇനിയവള്‍ ഉണരില്ല, ചിരിക്കില്ല; വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി; കാന്‍സറിനോട് പൊരുതിയ നടി ശരണ്യ ശശി അന്തരിച്ചു
കണ്ണൂര്‍: കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. അല്‍പ്പം മുന്‍പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി ജീവിതത്തില്‍ ഒരു പോരാളിയുടെ വേഷമാണ് നടി ശരണ്യ ശശിയ്ക്ക്.
ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങള്‍ കെടുത്താന്‍ എത്തുന്ന കാന്‍സറിനെ ഓരോ തവണയും പൊരുതി തോല്‍പ്പിച്ചിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യയെ നിരവധി തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മറന്ന് ശരണ്യ യാത്രയായി.
കഴിഞ്ഞ ഏപ്രിലില്‍ ശരണ്യയുടെ ശരീരത്തിന്റെ ഒരു വശം തളരുകയും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നീണ്ടനാളത്തെ ചികിത്സയ്ക്ക് ഒടുവില്‍ വീണ്ടും തനിയെ നടന്നു തുടങ്ങിയിരിന്നു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയ്ന്‍ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാന്‍സറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്പതോളം സര്‍ജറികള്‍ ആണ് ഇതു വരെ നടന്നത്.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയല്‍ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.