‘ഇത് ചരിത്രമാകും, വിവേചനമില്ലാത്ത സമൂഹം സൃഷ്ടിക്കാന്‍ ഇതുപോലുള്ള തീരുമാനങ്ങള്‍ സഹായിക്കും’; ബാലുശ്ശേരി സ്‌കൂളിലെ വേര്‍തിരിവില്ലാത്ത യൂനിഫോം പ്രഖ്യാപനത്തിന് ആശംസകളുമായി എം.എല്‍.എ സച്ചിന്‍ദേവ്



ബാലുശേരി: ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനത്തിന് ആശംസകളറിയിച്ച് അഡ്വ. സച്ചിന്‍ദേവ് എം.എല്‍.എ. ഈ തീരുമാനം നാളെ കേരളം മാതൃകയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ആണ്‍പെണ്‍ വ്യത്യാസം വസ്ത്രധാരണത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് കുട്ടികളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതാണ്. വിവേചനങ്ങളും നേര്‍തിരിവുകളും കണ്ടുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ കുട്ടിക്കാലം മുതല്‍ വളരുന്നത്. ജൈവിക പരമായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ആണ്‍ പെണ്‍ വിവേചനമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ഇത് പോലുള്ള തീരുമാനങ്ങള്‍ സഹായകമാവുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

സച്ചിന്‍ദേവ് എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പ്:

എന്റെ മണ്ഡലത്തിലെ ബാലുശ്ശേരി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി.ടി.എ തീരുമാനപ്രകാരം ഇന്ന് ജന്റര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം നടക്കുകയാണ്. രക്ഷിതാക്കളുടെയും, വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും ഏകാഭിപ്രായത്തിലുള്ള ഈ തീരുമാനം നാളെ ഈ കേരളം മാതൃകയാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വിവേചനങ്ങളും വേര്‍തിരിവുകളും കണ്ട് കൊണ്ടാണ് നമ്മുടെ കുട്ടികള്‍ കുട്ടികാലം മുതല്‍ വളരുന്നത്. ആണ്‍ പെണ്‍ വ്യത്യാസം വസ്ത്രധാരണത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് അവരുടെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്.

രക്ഷിതാക്കളും കുട്ടികളും പൂര്‍ണമനസോടെ നടപ്പിലാക്കുന്ന ഈ തീരുമാനത്തിന് ഞാന്‍ എല്ലാ വിധ പിന്തുണയും ആരംഭത്തില്‍ തന്നെ പ്രഖ്യാപിച്ചതാണ്.

പി.ടി.എ ഭാരവാഹികളും അധ്യാപകരുമായി നേരത്തെ തന്നെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
വിദ്യാര്‍ത്ഥികളില്‍ സാമ്പത്തികമായതും സാമൂഹികമായതുമായ വേര്‍തിരിവുകളെ സ്‌കൂള്‍ അങ്കണത്തില്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യവും യൂണിഫോം നടപ്പിലാക്കിയതോടെ നാം നേരത്തെ സാധ്യമാക്കിയിരുന്നു.
ജൈവിക പരമായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ആണ്‍ പെണ്‍ വിവേചനമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ഇത് പോലുള്ള തീരുമാനങ്ങള്‍ സഹായകമാവും.
ഇത് ചരിത്രമാകും..


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.