ഇത് ചരിത്രം; 500 എപ്പിസോഡ് പിന്നിട്ട് ആകാശവാണി റിയൽ എഫ്.എം ഷോ


കോഴിക്കോട്: ‘ഗുഡ് മോർണിംഗ് കോഴിക്കോട്, നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് റിയൽ എഫ് എം ഷോ’. റേഡിയോ ശ്രോതാക്കളെ ആസ്വാദനത്തിന്റെ പുത്തൻ തലങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തിയ കോഴിക്കോട് ആകാശവാണിയുടെ 103.6 റിയൽ എഫ്.എം ലെ തത്സമയ മോണിംഗ് ചാറ്റ് ഷോ ‘റിയൽ എഫ് എം ഷോ’ തുടർച്ചയായ 500 ദിവസം പിന്നിട്ട് ചരിത്രം കുറിച്ചു.

എല്ലാ ദിവസവും രാവിലെ 8:15 മുതൽ 10:00 മണി വര നീളുന്ന ഷോയിലൂടെ എല്ലാത്തരം വിനോദവും വിജ്ഞാനവും കലർത്തി എല്ലാ വിഷയങ്ങളിലൂടെയും ഒരു യാത്ര നടത്താറുണ്ട്. ചരിത്രം, രാഷ്ട്രീയം, പരിസ്ഥിതി, ആരോഗ്യം, കുടുംബം, സൗഹൃദം, സിനിമ, സാഹിത്യം, ജന്തുലോകം തുടങ്ങി എന്തും കേൾവിക്കാരെ പിടിച്ചിരുത്തുന്ന രീതിയിൽ രണ്ട് അവതാരകർ അവതരിപ്പിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്രയും ദൈർഘ്യമുള്ള ഒരു തത്സമയ ചാറ്റ് ഷോ ഒരൊറ്റ പുന:പ്രക്ഷേപണം പോലുമില്ലാതെ 500 ദിവസം പിന്നിട്ടിരിക്കുന്നത്. പ്രസാർ ഭാരതി സി.ഇ.ഓ ശശിശേഖർ വെമ്പാട്ടി ഒന്നിലേറെ തവണ ഈ ഷോയെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവിഡ് പിടിമുറുക്കിയ നാളുകളിൽ 2020 മെയ് 25 നാണ് ചാറ്റ് ഷോയുടെ പിറവി. ആകാശവാണി പ്രോഗ്രാം കോ ഓർഡിനേറ്റർ ജോൺ കുര്യനാണ് ഷോയുടെ ക്രിയേറ്റീവ് ഡയറക്ടർ . ആകാശവാണി കോഴിക്കോട് നിലയത്തിന്റെ പ്രോഗ്രാം മേധാവി കെ.എം നരേന്ദ്രൻ മാർഗദർശിയായി ഒപ്പം നിൽക്കുന്നു.

കളിയും ചിരിയും വിനോദവുമായി ശ്രോതാക്കളെ ഒന്നേമുക്കാൽ മണിക്കൂർ സമയം പിടിച്ചിരുത്തുന്ന റിയൽ എഫ്.എം ഷോയുടെ പാനലിൽ 15 അവതാരകരാണുള്ളത്. പ്രമോദ് പാലങ്ങാട് ,രജനി രാധിക അഭിറാം, സിന്ധു , ദീപക്, ബിനീഷ്, വിപിൻ രാജ്, ശ്രീകല സന്തോഷ്, ലീഷ്മ, സുജ, ശ്രീദേവി, നജീബ്, പ്രശാന്ത് , വിദ്യ, ബ്രിജിൻ രാജ് എന്നിവർ. 500 എപിസോഡ് എന്ന നാഴികക്കല്ല് പിന്നിട്ട റിയൽ എഫ്.എം ഷോ ടീമിന്റെ സംഗമം കോഴിക്കോട് ഹോട്ടൽ മെഡോറയിൽ വെച്ച് നടത്തി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.