ഇത് ചരിത്രം; കോരപ്പുഴപ്പാലം തുറന്നു നൽകി, ആഹ്ലാദത്തോടെ വരവേറ്റ് ജനങ്ങൾ
കൊയിലാണ്ടി: വടക്കെ മലബാറിലെ ഗതാഗത ചരിത്രത്തിൽ പുത്തനദ്ധ്യായം എഴുതിച്ചേർത്ത് കോരപ്പുഴ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇരുകരകളിലും തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിന്റെ ആഹ്ലാദാരവങ്ങളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകൾ. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ പലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കോരപ്പുഴ ഭാഗത്തുനിന്ന് നാട മുറിച്ച് പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. മന്ത്രിയും ജനപ്രതിനിധികളും നാട്ടുകാരും ഒരുമഹാപ്രവാഹമായി പാലത്തിലൂടെ ഒഴുകി. എലത്തൂർ ഭാഗത്ത് തയ്യാറാക്കിയ വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
ചടങ്ങുകൾക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ദാസൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ആർ.സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീല, വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, മുൻ എം.എൽ.എ പി.വിശ്വൻ, ജില്ല പഞ്ചായത്തംഗം സിന്ധു സുരേഷ്, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഒ.പി.ഷിജിന, കൗൺസിലർ എം.മനോഹരൻ, സന്ധ്യാ ഷിബു, അങ്കത്തിൽ അജയകുമാർ, സി.സത്യചന്ദ്രൻ എന്നിവർ സംസാരിച്ചു.
5.5 മീറ്റർ വീതിയിലുള്ള പഴയപാലം പൊളിച്ചാണ് ഇരുകരയിലും പുഴയിലുമായി എട്ട് തൂണുകളിൽ പുതിയ പാലം പണിതത്. 12 മീറ്റർ വീതിയും 32 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. 7.5 മീറ്റർ റോഡും ഒന്നരമീറ്റർ വീതിയിൽ ഇരുവശങ്ങളിലായി നടപ്പാതയും നിർമിച്ചു. കിഫ്ബി ഫണ്ടിൽ നിന്ന് 26 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിച്ചത്. പ്രളയവും കോവിഡും തീർത്ത പ്രതിസന്ധികളെ കൂടുതൽ തൊഴിൽ ദിനങ്ങളിലൂടെ മറികടന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പുതിയ പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.
പുതിയ പാലത്തിലൂടെ ആദ്യമായി വാഹനങ്ങൾ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ കാണാം.