ഇത് അർഹതയ്ക്കുള്ള അംഗീകാരം; പേരാമ്പ്രയിൽ നിന്ന് യുവജന സംഘടനയുടെ കേന്ദ്ര കമ്മറ്റിയോളം വളർന്ന എസ്.കെ.സജീഷ് ഇനി സി.പി.എം ജില്ലാ കമ്മിറ്റിയിൽ


പേരാമ്പ്ര: സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പുതുമുഖങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് പേരാമ്പ്രക്കാരനായ എസ്.കെ സജീഷ്. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. മുഖ്യധാര മാധ്യമങ്ങള്‍ പാര്‍ട്ടിയെ നിരന്തരം വേട്ടയാടുന്ന വര്‍ത്തമാന കാലത്ത് സിപിഎമ്മിന്റെ നിലപാടുകള്‍ അദ്ദേഹം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ മുഖമാണ് ഇന്ന് എസ്.കെ.സജീഷ്.

വിദ്യാര്‍ത്ഥി പ്രസ്താനത്തിലൂടെയാണ് എസ്.കെ സജീഷ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കുന്നത്. കുടുംബപരമായി സജീവ രാഷ്ട്രീയ പശ്ചാത്തലമല്ലായിരുന്നു അദ്ദേഹത്തിന്റേത്. പേരാമ്പ്ര സി.കെ.ജി കോളേജാണ് അദ്ദേഹത്തെ ഇടതു പക്ഷത്തോട് കൂടുതല്‍ അടുപ്പിച്ചത്. വീട്ടില്‍ ദേശാഭിമാനി പത്രം വരുത്തുന്നതിനാല്‍ ഇടതുപക്ഷ ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. പ്രിഡിഗ്രി പഠത്തിനായി സി.കെ.ജി കോളേജിലെത്തിയപ്പോഴാണ് റാഗിംങ്ങിന് എതിരായി നിലപാട് സ്വീകരിച്ചിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി ചങ്ങാത്തത്തിലായത്. ആ ബന്ധം ദൃഢമായി വളര്‍ന്നു. ആ സൗഹൃദമാണ് ഇപ്പോള്‍ കാണുന്ന വ്യക്തിത്വത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.

പിന്നീട് തുടര്‍ പഠനത്തിന്റെ ഭാഗമായി കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിലെത്തി. എയിഡഡ് കോളേജ് ആയതിനാല്‍ സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും ആ കാലഘട്ടത്തില്‍ കോളേജിലുണ്ടായിരുന്നില്ല. എന്നിരുന്നാലും എസ്.എന്‍.ഡി.പി കോളേജിലെ ഡിഗ്രി പഠന കാലമാണ് അദ്ദേഹത്തെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലേക്ക് ഉയത്തിയത്. എസ്.എഫ്.ഐയുടെ കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം, സഹഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഡിഗ്രി പഠനത്തിന് ശേഷം സജിഷ് എസ്.എഫ്.ഐയുടെ പേരാമ്പ്ര ഏരിയയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പേരാമ്പ്രയില്‍ എസ്.എഫ്.ഐയുടെ ഏരിയ സെക്രട്ടറിയും പിന്നീട് ജില്ലാ കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ യുടെ സമര സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കമ്മിറ്റിയില്‍ വിവിധ ചുമതലകള്‍ വഹിച്ചു. എസ്.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി മൂന്ന് തവണയും പ്രസിഡന്റായി രണ്ട് തവണയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാലം എസ്.എഫ്.ഐയുടെ ജില്ലാ ഭാരവാഹിയായ ഒരാളാണ് അദ്ദേഹം. എസ്.എഫ്.ഐയുടെ സംസ്ഥാന സെന്ററിന്റെ ഭാഗമായും പ്രവര്‍ത്തിച്ചു.

സജീഷ് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്തിരുന്നു. ആ കാലയളവിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുണിയന്റെ ചെയര്‍മാനായത്.

എസ്.എഫ്.ഐ പ്രവര്‍ത്തനത്തിനൊപ്പം തന്നെ ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായ സജീഷ് ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി മുതല്‍ കേന്ദ്ര കമ്മറ്റി അംഗം വരെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെന്ററിന്റെ ഭാഗമായും ട്രഷറായും പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഡി.വൈ.എഫ്.ഐയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.

വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമരങ്ങളുടെ മുന്‍ നിരയിലുണ്ടായിരുന്ന അദ്ദേഹത്തിന് പലപ്പോഴും പോലീസ് മര്‍ദ്ധനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അറുപത് ദിവസത്തോളം അദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

രണ്ടായിരത്തിലാണ് അദ്ദേഹം സി.പി.എം മെമ്പറാകുന്നത്. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിലവില്‍ സംസ്ഥാന യുവജന യൂത്ത് കമ്മിഷന്‍ അംഗമായും, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരുന്നു.

റിട്ടയേര്‍ഡ് അധ്യാപകനായ കെ.കെ കുഞ്ഞിക്കണ്ണന്റെയും ശാന്തയുടെയും മകനാണ്. ജോത്സ്യന ജോര്‍ജാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അലേജോ സാജോ, ആഞ്ചലോ സാജോ എന്നിവര്‍ മക്കളാണ്.