ഇഡി യുടെ ആവശ്യം ഹൈക്കോടതി തള്ളി; ഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് സ്‌റ്റേയില്ല


എറണാകുളം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. ചൊവ്വാഴ്ച കേസ് പരിഗണിക്കും വരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ നിലനില്‍ക്കുന്നതല്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന എവിടെയും പറഞ്ഞിട്ടില്ലെന്നും മൊഴി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥകള്‍ സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.

അതേസമയം, ഹര്‍ജിക്കൊപ്പം സ്വപ്‌നയുടെ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കിയതില്‍ കോടതി അതൃപ്തി അറിയിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹര്‍ജിക്കൊപ്പം നല്‍കിയത്. ഇത് ഉചിതമാണോയെന്നാണ് കോടതി ചോദിച്ചത്.

മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ വേളയില്‍ സ്വപ്നയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നത് താന്‍ കേട്ടു എന്ന ഒരു വനിതാ പൊലീസുകാരിയുടെ മൊഴിയായിരുന്നു കേസിന് ആധാരം. എന്നാല്‍ ഈ പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഓഗസ്റ്റ് 12, 13 തീയതികളില്‍ സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മൊഴി എടുത്തിട്ടേയില്ലെന്നാണ് കോടതിയ്ക്ക് മുന്നില്‍ ഇഡിയുടെ വാദം.