ഇടുക്കി അണക്കെട്ട് നാളെ രാവിലെ തുറക്കും; വെള്ളമൊഴുകുന്ന പ്രദേശങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം


തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. നാളെ രാവിലെ 11 മണിക്കാണ് അണക്കെട്ട് തുറക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജലവകുപ്പ് വിദഗ്ധരുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 2 ഷട്ടറുകൾ 50 സെന്റീമീറ്റർ ഉയർത്തും. 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും.

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് അപകടകരമായി ഉയരാതെ നിലർത്താൻ യോ​ഗത്തിൽ തീരുമാനിച്ചു. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.34 അടിയിലെത്തി. ജലനിരപ്പ് 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് മണിക്കൂറില്‍ 0.993 ഘനയടി വെള്ളമാണ്.

ഇപ്പോഴത്തെ നിരക്ക് പരിശോധിച്ചാല്‍ രാവിലെ 7 മണിയോടെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലെത്തും. ഇന്ന് വൈകീട്ട് ആറ് മണിയോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇടുക്കിയില്‍ നിന്ന് വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തും. ഒരു സെക്കന്റിൽ 100 ക്യൂബിക് മീറ്റർ അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല. തുലാവർഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി.

ഇടുക്കി അണക്കെട്ട്

37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2018 ഓഗസ്റ്റിലായിരുന്നു ഇതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കനത്ത മഴ പെയ്യുകയും കേരളത്തില്‍ പ്രളയമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് അണക്കെട്ട് തുറന്നത്.

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളുമാണ് അന്ന് തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ ആദ്യ ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്ന ശേഷം പിറ്റേന്നാണ് മുഴുവന്‍ ഷട്ടറുകളും തുറന്നത്.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി തുടര്‍ന്നതോടെ പുറത്തേക്ക് വിട്ടതിലും കൂടുതല്‍ വെള്ളം അകത്തേക്കെത്തുന്ന അവസ്ഥയായിരുന്നു അന്ന്.