ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം


മാങ്കുളം: ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്.

ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.

ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.

താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു.

2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ 2398.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ ചുവപ്പ് ജാഗ്രത കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണമെന്നാണ്.

ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ വെള്ളം തുറന്നുവിടാനുള്ള ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും പദ്ധതിയിലെ മൂന്നാമത്തെ അണക്കെട്ടായ കുളമാവ് ഡാമിനും ഷട്ടറുകളില്ല.

തുറക്കുന്നത് അഞ്ചാം തവണ

1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മിഷന്‍ചെയ്ത ഇടുക്കി പദ്ധതിയില്‍ വെള്ളം ഒഴുക്കിക്കളയേണ്ടിവരുന്നത് ഇത് അഞ്ചാം തവണയാണ്. 1981 ഒക്ടോബര്‍ 23-നും 1992 ഒക്ടോബര്‍ 11-നും 2018 ഓഗസ്റ്റ് 9-നും ഒക്ടോബര്‍ ആറിനുമാണ് മുമ്പ് ഡാം തുറന്നത്. ആദ്യ രണ്ടുതവണയും മോശമല്ലാത്ത കാലവര്‍ഷത്തെ തുടര്‍ന്നെത്തിയ കനത്ത തുലാവര്‍ഷമാണ് അണക്കെട്ടിനെ നിറച്ചത്. 2018-ല്‍ മഹാപ്രളയവും. ഇത്തവണ കാലവര്‍ഷം മുതല്‍ ഒഴിയാതെനിന്ന മഴ തുലാവര്‍ഷമെത്തുംമുമ്പുണ്ടായ ന്യൂനമര്‍ദത്തോടെ അതിശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.

ഇടുക്കി മറന്നിട്ടില്ല ദുരിതത്തിന്റെ ഷട്ടര്‍ തുറന്ന ആ ദിവസങ്ങള്‍

മൂന്നുവര്‍ഷം മുന്‍പ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നത് ദുരിതത്തിലേക്കായിരുന്നു. 2018 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു അത്. 26 വര്‍ഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോള്‍ അഞ്ചുഷട്ടറുകളും ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടിവന്നു. ഇടുക്കിക്കാര്‍ക്ക് മാത്രമല്ല, താഴെ ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാറിന്റെ ഇരുകരകളിലുമുള്ള നാടുകള്‍ക്കെല്ലാം മറക്കാന്‍ കഴിയാത്ത ദിവസങ്ങളായിരുന്നു പിന്നീട്.

വീണ്ടുമൊരിക്കല്‍കൂടി ഷട്ടറുകള്‍ തുറക്കുമ്പോള്‍ 2018-ലേതിന് സമാനമായ സാഹചര്യമില്ല. വലിയ ആശങ്കകളുമില്ല.

 

മഴ ശക്തമായതോടെ 2018 ജൂലായ് 30-ന് അണക്കെട്ടിലെ ജലനിരപ്പ് 2395.05 അടിയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ മഴ കുറഞ്ഞതോടെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍, പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് ഓഗസ്റ്റ് ഏഴുമുതല്‍ മഴ കനത്തു. കൂടാതെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലും.

ഇതോടെ ഓഗസ്റ്റ് 9-ന് ജലനിരപ്പ് 2398.98 അടിയായി ഉയര്‍ന്നു. ഷട്ടര്‍ ഉയര്‍ത്താതെ വഴിയില്ലെന്നായി. അന്ന് ഉച്ചയ്ക്ക് 12.30-ന് അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നു. പിറ്റേന്ന് രാവിലെ ഏഴിന് രണ്ട്, നാല് നമ്പര്‍ ഷട്ടറുകളും. എന്നിട്ടും വൈകീട്ട് ജലനിരപ്പ് ഉയര്‍ന്നതോടെ അഞ്ച് ഷട്ടറുകളും തുറന്നുവിടേണ്ടി വന്നു.

മഴയുടെ ശക്തി കുറഞ്ഞതോടെ 13-ന് വൈകീട്ട് രണ്ടുഷട്ടറുകള്‍ അടച്ചെങ്കിലും 14-ന് വീണ്ടും മഴ കൂടി. ഇതോടെ അഞ്ചുഷട്ടറുകളും വീണ്ടും തുറന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്കൊഴുക്കി. ചെറുതോണി ടൗണിനെ മാത്രമല്ല, കടന്നുപോയ വഴികളിലെ കരകളെയെല്ലാം ആ ജലം മൂടിക്കളഞ്ഞു. പെരിയാറിലൂടെ ഒഴുകിയെത്തി അങ്ങ് താഴെ ആലുവയും പറവൂരുമടക്കം എറണാകുളത്തിന്റെ ഹൃദയഭൂമിയെത്തന്നെ അത് മുക്കിക്കളഞ്ഞു.

പ്രളയശേഷം ഘട്ടം ഘട്ടമായാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളടച്ചത്. സെപ്റ്റംബര്‍ ഏഴിന് അവസാനത്തേതും. ഒടുവില്‍ അണക്കെട്ടിലെ വെള്ളത്തിനെ അറബിക്കടലെടുത്തെങ്കിലും അന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവാദം ഏറെക്കാലം അലയടിച്ചു.

2018ല്‍ ഒഴുക്കിയത് 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം

2018 ഓഗസ്റ്റ് 9-ന് ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍ വെള്ളം തുറന്നുവിട്ടുകൊണ്ടായിരുന്നു, തുടക്കം.ആഗസ്റ്റ് 10-ന് അഞ്ച് ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ 750 ഘനമീറ്റര്‍ ഒഴുകിമാറി. ഇത് മൂന്നുദിവസം തുടര്‍ന്നു.

ഓഗസ്റ്റ് 13-ന് രണ്ട് ഷട്ടറുകള്‍ അടച്ചു. ബാക്കി രണ്ടെണ്ണം 40 സെന്റീമീറ്റര്‍ ഉയര്‍ത്തി നിലനിര്‍ത്തി.

ഓഗസ്റ്റ് 17-ന് വീണ്ടും അഞ്ചു ഷട്ടറുകളും 50 സെന്റീമീറ്റര്‍ വീതം തുറന്നു. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 1500 ഘനമീറ്ററായി.

സെപ്റ്റംബര്‍ 9-ന് രണ്ട് ഷട്ടറുകള്‍ അടച്ചു. ബാക്കി മൂന്നെണ്ണം 40 സെന്റീമീറ്റര്‍ തുറന്നുവെച്ചു. അതോടെ സെക്കന്‍ഡില്‍ 100 ഘനയടിയായി ഒഴുക്ക് കുറഞ്ഞു. ഒടുവില്‍ സെപ്റ്റംബര്‍ 14-ന് എല്ലാ ഷട്ടറുകളും അടച്ചു.

ഒരുമാസംകൊണ്ട് ഒഴുക്കിവിട്ടത് 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്