ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ?; എന്തെല്ലാം ചെയ്യാം, ചെയ്യരുത്, നോക്കാം വിശദമായി


കോഴിക്കോട്: ഇടിമിന്നല്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ഉപയോഗിക്കാന്‍ പാടില്ലെന്ന്. എന്താണ് ഇത്, സംശയ നിവാരണത്തിനായി ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കാം.

ഇടിമിന്നുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന വാദം തെറ്റാണ്. മറിച്ച്‌ ചാര്‍ജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമാകുക. ലാന്‍ഡ് ഫോണ്‍, മറ്റ് വൈദ്യുതോപകരണങ്ങള്‍ എന്നിവയും ഇടിമിന്നുമ്പോള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. കഴിവതും വൈദ്യുതോപകരണങ്ങള്‍ തൊടാതിരിക്കുന്നതാണ് നല്ലത്.

ഇടിമിന്നല്‍ ഒരു സ്ഥലത്ത് ഒരിക്കല്‍ മാത്രമേ സംഭവിക്കൂവെന്ന ധാരണ തെറ്റാണ്. ഒരേ ഇടത്ത് തന്നെ ഇടിമിന്നല്‍ ആവര്‍ത്തിച്ച്‌ സംഭവിക്കാം.

മിന്നലേറ്റയാളുടെ ശരീരത്തില്‍ വൈദ്യുതി ഉണ്ടാകുമെന്ന ചിന്തയും മിഥ്യാധാരണയാണ്. വൈദ്യുതി സൂക്ഷിച്ച്‌ വെയ്‌ക്കാന്‍ കഴിവുള്ളതല്ല മനുഷ്യ ശരീരം. അതിനാല്‍ ഒരു കാരണവശാലും ഇടിമിന്നലേറ്റവരുടെ ശരീരത്തില്‍ വൈദ്യുതി ഉണ്ടാകില്ല.

ഇടിമിന്നുന്ന സമയത്ത് മരച്ചുവട്ടില്‍ അഭയം തേടണമെന്ന നിര്‍ദേശവും അസംബന്ധമാണ്. പല മരങ്ങളും മിന്നലിനെ ആകര്‍ഷിക്കുന്നതിനാല്‍ അപകട സാധ്യത വിളിച്ചു വരുത്തും. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്ന് ആവശ്യപ്പെടുന്നത് പോലെ മരച്ചുവട്ടിലും കഴിവതും നില്‍ക്കാതിരിക്കുക.

അതുപോലെ ഇടിമിന്നലുള്ളപ്പോള്‍ ജനാലകള്‍, വാതിലുകള്‍ എന്നിവ അടച്ചിടാന്‍ ശ്രദ്ധിക്കുക. തറയിലും ചുമരിലും തൊടാതിരിക്കാല്‍ ശ്രമിക്കുക, കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ മീന്‍ പിടിക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കുക, തുറസായ ഇടത്ത് മൃഗങ്ങളെ കെട്ടിയിട്ട് നിര്‍ത്താതിരിക്കുക, വീടിന്റെ ടെറസിലേക്ക് പോകാതിരിക്കുക.

പൊതു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  • ജനലും വാതിലും അടച്ചിടുക.
  • ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
  • ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
  • കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌.
  • വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
  • ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
  • പട്ടം പറത്തുവാന്‍ പാടില്ല.
  • തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
  • ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്‌. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്റ്‌ ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്‌.
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക്‌ പോകരുത്.