ഇടത് സർക്കാർ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തി: രാഹുൽ ഗാന്ധി


കൊയിലാണ്ടി: അറബിക്കടലിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക്‌ നൽകാൻ രഹസ്യമായി കരാറുണ്ടാക്കിയതിലൂടെ കേരളത്തിലെ ഇടത് സർക്കാർ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തുകയയാരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. കൊയിലാണ്ടിയിൽ യു.ഡി..എഫ് തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. ഇത്തരമൊരു ഉടമ്പടിയുണ്ടാക്കുമ്പോൾ അത് പരസ്യമാക്കേണ്ടേയെന്നും രാഹുൽ ചോദിച്ചു.

അവരുടെ മനോഭാവമാണ് ഇതിൽ പ്രതിഫലിക്കുന്നത്. മനോഭാവം പെട്ടെന്ന് മാറില്ല. മോദിക്ക് ഉണർന്നെഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ ഒരു മന്ത്രം മാത്രമാണ് കോൺഗ്രസ് മുക്തഭാരതം. കേരളത്തി ൽ ഇടതുമുന്നണിയുടെ മുദ്രാവാക്യം കോൺഗ്രസ് മുക്ത കേരളമെന്നതാണ്. മോദി ഒരിടത്തും സി.പി.എം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പിക്കും ഇടതു പക്ഷത്തിനും ഭിന്നിപ്പിൻ്റെ രാഷ്ട്രീയമാണ്.

കോൺഗ്രസ് ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന് പകയും വിദ്വേഷവുമില്ല. സ്നേഹംമാത്രം. ഇടതുപക്ഷവും ബി.ജെ.പിയും കൊലപാതക രാഷ്ടീയ ത്തിൻ്റെ വക്താക്കളാണ്. കോൺഗ്രസിൻ്റെ അടിസ്ഥാന പ്രമാണം കൊലപാതകത്തിനും വിദ്വേഷത്തിനും എതിരാണ്. ഇന്ത്യയിൽ ഇന്ന് കാണുന്ന പുരോഗതിക്ക് കാരണം കോൺഗ്രസിൻ്റെ പ്രത്യയശാസ്ത്രവും ജനങ്ങളുടെ കഠിനാധ്വാനവുമാണ്. സൗഹാർദ്ദമില്ലെങ്കി ൽ പുരോഗതിയുണ്ടാവില്ല.

രാജ്യവും കേരളവും അഭിമുഖീകരിക്കുന്ന പ്രശ്നം സാമ്പത്തിക തകർച്ചയും തൊഴിലില്ലാ യ്മയുമാണ്. മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? മീൻ പിടിക്കാൻ കടലിൽ പോയാൽ വെറും കയ്യോടെ തിരിച്ചു വരേണ്ടി വരും. സാമ്പത്തിക പരാധീനതയിൽ രണ്ട് കൈകളും കെട്ടിയിട്ടത് പോലുള്ള അവസ്ഥയാണ് തൊഴിലാളികളുടേത്. കൃഷിക്കാർ പകൽ മുഴുവൻ കഠിനാധ്വാനം ചെയ്താലും അവർക്ക് കുടുംബം പോറ്റാൻ കഴിയുന്നില്ല.

ഇന്ധനമില്ലാതെ നടുക്കടലിൽ പെട്ടുപോയ ബോട്ടിൻ്റെ സ്ഥിതിയാണ് കേരളത്തിൻ്റെ സമ്പദ്ഘടന. ഇന്ധനമില്ലാതെ ബോട്ട് നീങ്ങില്ല. മുഖ്യമന്ത്രി കൾമാർക്സിൻ്റെ പുസ്തകത്തിൽ തിരഞ്ഞാലൊന്നും പ്രതിവിധി കാണില്ല. സമ്പത്ത്ഘടനയുടെ ഇന്ധനം ജനങ്ങളുടെ കയ്യിൽ പണമെത്തിക്കലാണ്. ദിശാബോധമില്ലാതെ നീങ്ങുന്ന സമ്പദ്ഘടനയുടെ ബോട്ടിൽ യു.ഡി.എഫ്. ഇന്ധനം നിറയ്ക്കും. അതിനാണ് യു.ഡി.എഫിൻ്റെ ന്യായ് പദ്ധതി.

ഇടതു മുന്നണിയെ കുറ്റപ്പെടുത്താൻ ഞാൻ സമയമെടുക്കുന്നില്ല. അവർ എന്ത് ചെയ്തില്ലെന്ന് നിങ്ങൾക്കറിയാം. കേരളത്തിൻ്റെ ഭാവിയെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. ന്യായ് പദ്ധതിക്ക് പകരം എന്ത് ആശയമാണ് എൽ.ഡി.എഫിന് ഉള്ളത്. സമ്പദ്ഘടനയെ ശക്തിപ്പെടുത്താൻ തൊഴിലവസരമുണ്ടാ ക്കാൻ എന്ത് പരിപാടിയുണ്ടെന്ന ചോദ്യത്തിന് അവരുടെ ഉത്തരം മൗനമാണ്. ചരിത്രവും സാമൂഹ്യ ജീവിത നിലവാരവും സാംസ്കാരിക പശ്ചാത്തലവും വെച്ച് നോക്കുമ്പോൾ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാവേണ്ട സംസ്ഥാനമാണ് കേരളം – രാഹുൽ ഗാന്ധി പറഞ്ഞു.

യു.ഡി.എഫ്. സ്ഥാനാർഥികളായ എൻ. സുബ്രഹ്മണ്യൻ (കൊയിലാണ്ടി), സി.എച്ച്. ഇബ്രാഹിം കുട്ടി (പേരാമ്പ്ര) എന്നിവർക്ക് അദ്ദേഹം വോട്ട് അഭ്യർഥിച്ചു. ഡി.സി.സി. പ്രസിഡൻ്റ് യു.രാജീവൻ, യു.ഡി.എഫ്. ജില്ലാ കൺവീനർ കെ.ബാലനാരായണൻ, സി.വി.ബാലകൃഷ്ണൻ, ടി.ടി.ഇസ്മായിൽ, സത്യൻ കടിയങ്ങാട്, പി.രത്നവല്ലി, റഷീദ് വെങ്ങളം വി.ടി.സുരേന്ദ്രൻ, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു , വി.പി.ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി.പി.ഇബ്രാഹിം കുട്ടി, വി.വി.സുധാകരൻ, പടന്നയിൽ പ്രഭാകരൻ, സന്തോഷ് തിക്കോടി, അലി കൊയിലാണ്ടി, പി.ബാലകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.