ഇടതുസഹോദരങ്ങളെ വെറുക്കാനാവില്ല, എന്നാല്‍ ആശയയോജിപ്പില്ല: രാഹുല്‍ ഗാന്ധി
വയനാട്: ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഇടതുസഹോദരങ്ങളെ വെറുക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മാനന്തവാടിയിലെ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിപാർക്കിലെ വേദിയിൽ ഡി.വൈ.എഫ്.ഐ.യുടെ പരിപാടി നടക്കുന്നതിനിടെയാണ് രാഹുൽഗാന്ധിയുടെ പ്രസംഗം.
അവരുമായി ചർച്ച, വിയോജിപ്പ്, വാദപ്രതിവാദം എല്ലാം നടത്തും. പക്ഷേ, ഒരിക്കലും വെറുക്കാൻ കഴിയില്ല. നാമെല്ലാം സഹോദരങ്ങളാണ്. ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുത്. അവർക്ക് അവരുടെ കാര്യങ്ങളും നമുക്ക് നമ്മുടെ കാര്യങ്ങളും പറയാനുള്ള സാഹചര്യമുണ്ടാവണം. ഏതാശയം സ്വീകരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ -അദ്ദേഹം പറഞ്ഞു.
സ്വന്തം ലോക്സഭാ മണ്ഡലമായ വയനാടിന്റെ ഭാഗമായുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ വ്യാഴാഴ്ച രാഹുൽഗാന്ധി പ്രചാരണത്തിനെത്തി. വയനാട്ടിൽ മാനന്തവാടിക്കുപുറമേ, സുൽത്താൻ ബത്തേരി, കല്പറ്റ എന്നിവിടങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടി. കോഴിക്കോട് തിരുവന്പാടി മണ്ഡലത്തിലെ കൂടരഞ്ഞിയിലും മലപ്പുറത്ത് അരീക്കോട്ടും തിരഞ്ഞെടുപ്പുയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു.