ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു; സഞ്ചാരികളെ കാത്ത് അകലാപ്പുഴ, നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം
കൊയിലാണ്ടി: കോവിഡിനെത്തുടർന്ന് നിശ്ചലമായ വിനോദസഞ്ചാരമേഖലയ്ക്ക് ഇളവുകൾ വന്നതിനെത്തുടർന്ന് പുത്തനുണർവ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ജാനകിക്കാട്, പെരുവണ്ണാമൂഴി, കക്കയം, അകലാപ്പുഴ എന്നിവിടങ്ങൾ ഇതോടെ സജീവമാകുകയാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഇക്കോടൂറിസം കേന്ദ്രങ്ങളും പ്രവർത്തിക്കേണ്ടതെന്ന് സർക്കാർ നിർദേശമുണ്ട്. തിക്കോടി അകലാപ്പുഴയിലെ ബോട്ടിങ് തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് ഓപ്പറേറ്റർമാർ അറിയിച്ചു. വിശാലമായ വ്യൂപോയിന്റായതിനാൽ കൂടുതൽ സഞ്ചാരികൾക്ക് ഒരേസമയം കോവിഡ് മാനദണ്ഡപ്രകാരം സന്ദർശിക്കാൻ കഴിയും. ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകളിലേക്ക് പ്രവേശനം നിലച്ചതിനാൽ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടുതൽ സജീവമാകുമെന്നാണ് ടൂറിസം മേഖലയിൽ ജോലിചെയ്യുന്നവരുടെ പ്രതീക്ഷ.
അകലാപ്പുഴയിൽ സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ യാത്രയ്ക്കുശേഷവും ബോട്ടുകളും ലൈഫ് ജാക്കറ്റുകളും സാനിറ്റൈസിങ് നടത്താനുള്ള സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
നിലവിൽ രണ്ടുപേർക്കും അഞ്ചുപേർക്കും യാത്രചെയ്യാൻപറ്റുന്ന പെഡൽബോട്ടുകളും വാട്ടർ സൈക്കിൾ, റോയിഗ് ബോട്ട് എന്നിവയുമാണ് ഇവിടത്തെ പ്രധാന ആകർഷണം.