ആ ഭാഗ്യവാൻ സെയ്‌ദലവിയല്ല; കൊച്ചിക്കാരൻ ജയപാലൻ, ഓണം ബംപർ അടിച്ചത് ഓട്ടോഡ്രൈവർക്ക്


കൊച്ചി: സസ്പെൻസുകൾ അവസാനിച്ചു. തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി.

പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രം​ഗത്തെത്തിയിരുന്നു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശ വാദം തള്ളിക്കൊണ്ടാണ് ജയപാലന്റെ കടന്നുവരവ്.

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.

300 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ വില. 12 കോടി രൂപയാണ് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പർ സമ്മാന തുക 12 കോടി രൂപയാക്കിയത്.