ആ നിറകുടം തുളുമ്പിയില്ല


രതീഷ് കാളിയാടൻ

“നിങ്ങൾ കഥകളി പഠിച്ച്ക്കാ?”
“ഏയ് ഇല്ല”
“ന്നാപ്പിന്നെ അങ്ങനെ എന്തോ ഒന്ന് പഠിച്ചിക്ക്, അതുറപ്പാ”
ആദ്യമായി കണ്ടമാത്രയിൽ എന്നെക്കുറിച്ചുള്ള ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിലയിരുത്തൽ ഇങ്ങനെയായിരുന്നു.

കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. ഒട്ടേറെ കേട്ടറിവുള്ള ഗുരുവിനെതേടി ചേലിയയിലെ താമസ സ്ഥലത്തെത്തിയതാണ്. മലബാർ ചാനലിൻ്റെ “പറഞ്ഞു കേട്ടത്‌ ” പരിപാടിക്കായി ഒരു അഭിമുഖം കൂടി തരപ്പെടുത്താനായിരുന്നു ആ യാത്ര.

സുദീർഘമായി ഞങ്ങൾ സംസാരിച്ചു. കഥകളി പഠനത്തിലേക്ക് എത്തിപ്പെട്ട പന്ഥാവുകൾ, കഥകളി കലാകാരന്മാരുടെ ജീവിതം, ആദ്യകാല യാത്രകൾ, പറശ്ശിനിക്കടവിലെ ദിനരാത്രങ്ങൾ, യാത്രക്കിടയിലെ അനുഭവങ്ങൾ, ഉറക്കമില്ലാ രാവുകൾ … എന്തെല്ലാമെന്തെല്ലാം കാര്യങ്ങൾ! അത്യപൂർവവും അവിശ്വസനീയവുമായ ഒരു ഉറക്കത്തിൻ്റെ കഥയും അദ്ദേഹം പങ്കുവെച്ചു. “ഞാൻ അന്നൊക്കെ നടന്നുകൊണ്ട് ഉറങ്ങുമായിരുന്നു”

”ഇത്രയും ദീർഘമായൊരു അഭിമുഖം എൻ്റെ ജീവിതത്തിൽ ആദ്യമാണ് ട്ടോ. അതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ട്‌”. ഏതാണ്ട് രണ്ട് മണിക്കൂർ നീണ്ട അഭിമുഖത്തിനൊടുവിൽ വല്ലാത്തൊരു ആത്മബന്ധം സൃഷ്ടിക്കപ്പെട്ടു.

“ഇനി നിങ്ങൾ എപ്പോ വരും?” എന്ന ചോദ്യത്തിന് “വൈകാതെ വരാം” എന്ന് മറുപടി പറഞ്ഞിറങ്ങിയതാണ്. തുടർന്ന് തിരുവങ്ങൂരിലെ ജോലിക്കാലത്ത് ചേലിയ കഥകളി വിദ്യാലയത്തിലെ സന്ദർശകനായി മാറി. സമയം കിട്ടുമ്പോഴെല്ലാം ഗുരിവിനടുത്ത് എത്തുമായിരുന്നു.

2009ൽ കൊയിലാണ്ടിയിലെ ജോലി വിട്ടതിന് ശേഷവും ഗുരുവുമായുള്ള ബന്ധം തുടർന്നിരുന്നു. നവതി സ്മരണികയും ഡോക്യുമെൻ്ററിയും ഉൾപ്പെടെ ചേലിയ കഥകളി വിദ്യാലയത്തിൻ്റെ ചില പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് അപൂർവമായ അനുഭവമാണ്.

2016ൽ പിണറായി വിജയൻ നയിച്ച നവകേരള യാത്രയുടെ ഭാഗമായി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച പൗരപ്രമുഖരുടെ യോഗത്തിനെത്തിയ ഗുരു “നിങ്ങളും ഈടേണ്ടോ!” എന്ന് അദ്ഭുതംകൂറിയത് ദീഘകാലത്തെ ഇടവേളക്ക് ശേഷം മറ്റൊരു ഓർമ്മക്കാഴ്ചയായി.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് ഗുരുവിനെ സന്ദർശിച്ച് സ്ഥാനാർത്ഥികളെക്കുറിച്ച് ചോദിച്ചപ്പോൾ “ആ കൈ ഒന്ന് കാണണം എന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതും സാധിച്ചു. ഞാനത് നെഞ്ചിൽ ചേർത്ത് പിടിച്ചു”. പി.ജയരാജൻ്റെ അറ്റുപോയ പെരുവിരൽ കൈ ആണ് ഗുരു നെഞ്ചിലേക്ക് ചേർത്തു പിടിച്ചത്.

വിനയമാണ് ഗുരുവിൻ്റെ മുഖമുദ്ര. കൊച്ചുകുട്ടികളോട് പോലും പരസ്പര ബഹുമാനത്തോടെയും വിനയത്തോടെയും മാത്രമേ അദ്ദേഹം സംസാരിക്കുന്നത് കേട്ടിട്ടുള്ളൂ. പത്മശ്രീ ഉൾപ്പെടെ പുരസ്കാര നിറവിൽ നിൽക്കുമ്പോഴും ആ നിറകുടം തുളുമ്പിയില്ല. പ്രിയ ഗുരുവിന് അന്ത്യാഭിവാദ്യങ്ങൾ.