ആ ‘തിളക്കം’ മാഞ്ഞു; സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു


കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു അര്‍ബുദ ബാധിതനായി കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ഒരു വര്‍ഷത്തിലേറെയായി ചികിത്സയില്‍ കഴിയുകയായിരുന്നു.

മലയാളികള്‍ നെഞ്ചേറ്റിയ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീതസംവിധായകനാണ് കൈതപ്രം വിശ്വനാഥന്‍. ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്റെ ഇളയ സഹോദരനാണ്. മലയാളിത്തം തുളുമ്പുന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെത്.

തിളക്കം, കണ്ണകി, ഏകാന്തം, അന്നൊരിക്കല്‍, ദൈവനാമത്തില്‍ തുടങ്ങി 23 ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കണ്ണകി എന്ന ചിത്രത്തിലൂടെ ലഭിച്ചു.

കരിനീലക്കണ്ണഴകീ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ, ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍. ഭൂരിഭാഗം ഗാനങ്ങള്‍ക്കും സഹോദരന്‍ കൈതപ്രം ദാമോദരനാണ് വരികള്‍ രചിച്ചത്.

പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1963 ല്‍ കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. മാതമംഗലം ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍നിന്നു ഗാനഭൂഷണം പാസായിട്ടുണ്ട്. മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാധ്യാപകനായിരുന്നു. പിന്നീട് പയ്യന്നൂരില്‍ ശ്രുതിലയ എന്ന സംഗീത വിദ്യാലയം തുടങ്ങി.

ജയരാജ് ചിത്രമായ ‘ദേശാടന’ത്തില്‍ സംഗീതസംവിധാനത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹായിയായി ആണ് സിനിമാ പ്രവേശം. ജയരാജിന്റെ തന്നെ ചിത്രമായ ‘കണ്ണകി’യിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായത്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ കൂടാതെ വാസുദേവന്‍ നമ്പൂതിരി, സരസ്വതി, തങ്കം എന്നീ സഹോദരങ്ങള്‍ കൂടി അദ്ദേഹത്തിനുണ്ട്. ഭാര്യ ഗൗരി. മക്കള്‍ അദിതി, നര്‍മദ, കേശവന്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.