ആ കുരുന്നുകളെ മരണം തട്ടിയെടുത്തത് മാതാവിനൊപ്പം ഉറങ്ങിക്കിടക്കവേ; മലപ്പുറത്തെ അബൂബക്കറിനും സുമയ്യക്കും നഷ്ടമായത് തങ്ങളുടെ പൊന്നോമനകളെ
പള്ളിക്കല്‍: വിടപറയാനെത്തിയവരൊക്കെയും വിതുമ്പിനിന്ന നൊമ്പരക്കാഴ്ചയ്ക്കാണ് ചൊവ്വാഴ്ച മാതാംകുളം സാക്ഷ്യംവഹിച്ചത്. കണ്ണീര്‍മഴയോടെയാണ് ആ കുഞ്ഞുസഹോദരിമാര്‍ക്ക് നാട് യാത്രയയപ്പു നല്‍കിയത്.
മണ്ണിടിഞ്ഞുവീണ് തകര്‍ന്ന വീടിനുള്ളില്‍പ്പെട്ട് അബൂബക്കര്‍ സിദ്ദിഖിന്റെയും സുമയ്യയുടെയും മക്കളായ ഏഴുവയസ്സുകാരി ലിയാന ഫാത്തിമയും സഹോദരി ആറുമാസം മാത്രം പ്രായമായ ലുബാന ഫാത്തിമയും മരിച്ചുവെന്ന വാര്‍ത്ത നാടിനെ ഞെട്ടിക്കുന്നതായിരുന്നു. ഈ ദമ്പതിമാരുടെ ആകെയുള്ള രണ്ട് ഓമനകളെയാണ് മരണം തട്ടിയെടുത്തത്. വാര്‍ത്ത കേട്ടവരൊക്കെയും മാതാംകുളത്തേക്കൊഴുകി.
മാതാവിനൊപ്പം ഉറങ്ങിക്കിടക്കവേയാണ് ആ കുരുന്നുകളെ മരണം തട്ടിയെടുത്തത്. പുതിയ വീടിനായി എടുത്ത പറമ്പില്‍നിന്ന് അടര്‍ന്നുവീണ മണ്ണും കല്ലുകളുമാണ് ദുരന്തം വിതച്ചത്.
മാതാംകുളത്തെ മുണ്ടോട്ടുപുറം ചോനാരി മുഹമ്മദ്കുട്ടിയും കുടുംബവും താമസിക്കുന്ന ഓടിട്ട കൊച്ചുവീടിനു മുകളിലേക്കു തൊട്ടടുത്ത പറമ്പില്‍നിന്നു മണ്ണടര്‍ന്നുവീഴുകയായിരുന്നു. മുഹമ്മദ്കുട്ടിയുടെ മകള്‍ സുമയ്യയും കുട്ടികളും കിടന്ന മുറിക്കുമുകളിലേക്കാണ് മണ്ണുവീണത്. സുമയ്യയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ മണ്ണിനടിയില്‍നിന്നു കുട്ടികളെ പുറത്തെടുത്ത് പറമ്പില്‍പീടികയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അപകടത്തില്‍ മരിച്ച കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങിയ മാതാവ് സുമയ്യ പരിക്കൊന്നുംകൂടാതെ രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിഖ് കാസര്‍കോട് ജോലിക്കു പോയതാണ്. സുമയ്യയുടെ മാതാവ് ഫാത്തിമ, സഹോദരി ഹഫ്സത്ത്, മാതൃസഹോദരി ജമീല എന്നിവരും ദുരന്തദിവസം വീട്ടിലുണ്ടായിരുന്നു. ഫാത്തിമ വീണ് പരിക്കുപറ്റി കിടക്കുകയാണ്.
കാടപ്പടി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ലിയാന സ്‌കൂള്‍ വീണ്ടും തുറക്കാന്‍പോകുന്നതിലുള്ള ആവേശത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊച്ചു സഹോദരിമാരായ ലിയാന ഫാത്തിമയുടെയും ലുബാന ഫാത്തിമയുടെയും ഭൗതികശരീരം കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മാതാംകുളത്തെത്തിച്ചത്. വീട്ടിലേക്കു കൊണ്ടുപോകുന്നതിനുപകരം മൃതദേഹങ്ങള്‍ മാതാംകുളം റഹ്മാനിയ മദ്രസയില്‍ പൊതുദര്‍ശനത്തിനുവെച്ചു. പിന്നീട് പുന്നത്ത് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.