ആ ഓർമ മരം അനേകർക്ക് തണലൊരുക്കുന്നു


കൊയിലാണ്ടി; നിയമസഭാ തിരഞ്ഞെടുപ്പ് ഓര്‍മ്മയ്ക്കായി സ്‌കൂള്‍ അങ്കണത്തില്‍ നട്ട് വളര്‍ത്തിയ തണല്‍ മരം പടര്‍ന്ന് പന്തലിച്ച് അനേകം പേര്‍ക്ക് തണലേകുന്നു. കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തിലാണ് തിരഞ്ഞെടുപ്പിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ മരം നട്ട് പിടിപ്പിച്ചത്.

2016 മെയ്മാസം നടന്ന പതിനാലാം നിയമസഭാ തിരഞ്ഞഞെടുപ്പിന്റെ ഓര്‍മ്മയ്ക്കാണ് സ്‌കൂള്‍ അധികൃതരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആല്‍ ഇനത്തില്‍പ്പെട്ട വൃക്ഷത്തൈ നട്ട് ചുറ്റും തറകെട്ടി സംരക്ഷിച്ചത്. വൃക്ഷതൈക്ക് ചുറ്റും ടൈല്‍ പാകിയ ഇരിപ്പിടവും ഒരുക്കി. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒഴിവ് സമയങ്ങള്‍ ചെലവിടുന്നതും കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുന്നത് ഈ തണല്‍ മരത്തിനടിയിലാണ്.

ഒട്ടെറെ പക്ഷികളും മരത്തില്‍ ചെക്കെറിയിട്ടുണ്ട്. പലവിധാവശ്യങ്ങള്‍ക്കായി സ്‌കൂളിലെത്തുന്നവര്‍ വിശ്രമിക്കാന്‍ തിരഞ്ഞെടുക്കുന്നതും ഈ മരച്ചോട്ടിലാണ്. 2016 മെയ് 16നാണ് ഈ ഓര്‍മ്മ മരം സമര്‍പ്പിച്ചത്. അന്നത്തെ താലൂക്ക് തഹസില്‍ദാര്‍ ആയിരുന്ന പ്രേമനും, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി.കെ.വാസുവുമാണ് മരത്തിന് ചുറ്റും തറകെട്ടാനും മറ്റും മുന്‍കൈ എടുത്തത്.

തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുകയെന്ന സന്ദേശവും ഇതിന് പിന്നിലുണ്ടായിരുന്നു. നാല്‍പ്പാമരത്തില്‍പ്പെടുന്ന അത്തി, ഇത്തി, പേരാല്‍, അരയാല്‍ എന്നിവയില്‍പ്പെട്ട ഇത്തിമരമാണ് സ്‌കൂള്‍ മുറ്റത്ത് തണൽ വിരിച്ച് വളരുന്നത്.