‘ആൾമറ’യിൽ നിറയുന്നത് ചിത്രൻനമ്പൂതിരിയുടെ ജീവിതം; തൃക്കുറിശ്ശേരി ചിത്രന്‍ നമ്പൂതിരിയുടെ ജീവിതകഥ പറഞ്ഞ് മജീദ് മുത്തേടത്തിന്റെ നോവല്‍


ബാലുശ്ശേരി: കുറുമ്പ്രനാട്ടിലെ രാത്രികൾക്ക് അയാളെക്കുറിച്ചുള്ള ഭീതിനിറഞ്ഞ കഥകളുടെ കനവും കറുപ്പുമുണ്ടായിരുന്നു. അയാളുടെ കാലൊച്ച പേടിച്ച് കുഞ്ഞുങ്ങൾ വികൃതി കാണിച്ചില്ല, വാശിപിടിച്ചുകരഞ്ഞില്ല. സ്ത്രീകൾ സന്ധ്യകഴിഞ്ഞ് പുറത്തിറങ്ങിയില്ല. ആണുങ്ങൾ പാതിരായ്ക്കുമുമ്പേ വീടണഞ്ഞു… ആറടിപ്പൊക്കത്തിലുള്ള ശരീരവും തൂങ്ങിയാടുന്ന ചെവികളുമായി രാക്ഷസരൂപമുള്ള അയാൾ എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടും. പറഞ്ഞുകേട്ട കഥകളിലെ നായകനും പ്രതിനായകനുമായ ബാലുശ്ശേരി തൃക്കുറ്റിശ്ശേരി ചിത്രൻ നമ്പൂതിരിയുടെ ജീവിതം ഒടുവിൽ അക്ഷരങ്ങളിൽ അനശ്വരമാവുന്നു-നാട്ടുകാരനായ മജീദ് മൂത്തേടത്ത് എഴുതിയ ‘ആൾമറ’ എന്ന നോവലിലൂടെ.

എല്ലാവരാലും വെറുക്കപ്പെട്ട്, പതിയെ നാടിന്റെ സ്നേഹാദരങ്ങളിൽ നനഞ്ഞുനിൽക്കെ ജീവിതത്തിൽനിന്ന് വിടവാങ്ങിയ ചിത്രൻനമ്പൂതിരിയുടെ സംഭവബഹുലമായ ജീവിതമാണ് നോവൽ വരച്ചിടുന്നത്. അച്ചടി പൂർത്തിയാക്കിയ നോവലിന്റെ പ്രകാശനച്ചടങ്ങ് ഉടനുണ്ടാകുമെന്ന് മജീദ് പറഞ്ഞു.

യഥാർഥജീവിതത്തിലെ സംഭവങ്ങളും കഥാപാത്രങ്ങളുമാണ് നോവലിലും. തൃക്കുറ്റിശ്ശേരി പാലക്കാട് ഇല്ലത്തെ ചിത്രൻ നമ്പൂതിരി വിദ്യാർഥിയായിരിക്കെയാണ് മോഷണക്കേസിൽ പിടിയിലാവുന്നത്. പിന്നെ കോഴിക്കോടും സമീപജില്ലകളിലും ഏത് മോഷണമുണ്ടായാലും പോലീസ് ആദ്യമന്വേഷിക്കുന്ന പേര് അയാളുടേതായി. കുറുമ്പ്രനാട്ടിൽ (കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകൾ) അയാളെ വെല്ലുന്ന വില്ലനില്ലെന്നായി കഥകൾ.

ചെറുപ്പകാലത്തെ തെറ്റുകൾക്കുള്ള പരിഹാരമെന്നോണം നാടകീയമായിരുന്നു അവസാനകാലത്തെ മാനസാന്തരം. കേസന്വേഷണങ്ങളിലും അപകടസ്ഥലങ്ങളിലും പോലീസിന്റെ പ്രധാന സഹായിയായി മാറിയ ചിത്രനെ നാട്ടുകാർ പൊന്നാട ചാർത്തി ആദരിക്കുകയുണ്ടായി. ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ 75-ാം വയസ്സിൽ 2018 ഏപ്രിൽ 18-നായിരുന്നു മരണം.

തീയിലും വെള്ളത്തിലുംപെട്ട മൃതദേഹങ്ങളായിരുന്നു ജീവിതത്തിന്റെ രണ്ടാമൂഴത്തിൽ ചിത്രന് കൂട്ട്. പൂക്കിപ്പറമ്പിൽ, കടലുണ്ടിയിൽ, കരിഞ്ചോലമലയിൽ അയാൾ തേടിയത് മൃതദേഹങ്ങളെയായിരുന്നു. ഒരു പാതിരാവിൽ മോഷ്ടിച്ച മുതലുമായി ഓടുന്നതിനിടെ തൂങ്ങിയാടുന്ന മൃതദേഹത്തിൽ തല തട്ടിയതോടെയാണ് മരണം ചിത്രനൊപ്പം കൂടിയത്. അന്നുതൊട്ടയാൾക്ക് മനഃപരിവർത്തനം വന്നു. അയാൾ കള്ളനല്ലാതായി.

കുളത്തിൽ ചാടിമരിച്ച യുവതിയുടെ മൃതദേഹം പൊക്കിയെടുത്തുകൊണ്ടായിരുന്നു പുതുജീവിതത്തിലേക്കുള്ള ഉയിർപ്പ്. ചിത്രന്റെ കഥ പറയുന്ന നോവലിൽ മരണം പ്രധാനവിഷയമാവുന്നത് സ്വാഭാവികമാണെന്ന് മജീദ് പറയുന്നു.

“കുഞ്ഞുന്നാളിലേ പറഞ്ഞുകേട്ട കഥകളൊക്കെയും അടുക്കിപ്പെറുക്കിയെടുക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. നോവൽ രചനയ്ക്കിടെ പുതിയ കഥകൾ എന്നെത്തേടിവന്ന അനുഭവവുമുണ്ട്….”- മജീദ് പറഞ്ഞു.

ബാലുശ്ശേരി എളേറ്റിൽ സ്വദേശിയായ മജീദിന്റെ നാലാമത് നോവലാണിത്. ‘സുരയ്യ നെയ്ത കനവുകൾ’ എന്ന നോവലിന് 2019-ലെ എസ്.കെ. പൊെറ്റക്കാട്ട്‌ സാഹിത്യ അവാർഡ് ലഭിച്ചിട്ടുണ്ട്. ചരിത്രത്തിൽ ബിരുദാനന്തരബിരുദ ധാരിയായ മജീദ് ഇപ്പോൾ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനാണ്. പ്രതിനായകനും നായകനും.