ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഏഴ് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ


ആലപ്പുഴ: ചേർത്തല വയലാറിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഏഴ് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

വയലാര്‍ സ്വദേശിയായ നന്ദു എന്ന രാഹുൽ.ആര്‍.കൃഷ്‌ണയാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. എസ്‍ഡിപിഐ- ആര്‍എസ്‌എസ് സംഘര്‍ഷത്തിനിടെ നന്ദുവിന് വെട്ടേല്‍ക്കുകയായിരുന്നു. മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

ഇന്നലെ രാത്രി എട്ടിനു ശേഷം നാഗംകുളങ്ങര കവലയിലാണ് സംഭവം. സംഘര്‍ഷത്തിനിടെ 22 കാരനായ നന്ദുവിന് വെട്ടേല്‍ക്കുകയായിരുന്നു. നാഗംകുളങ്ങര കവലയില്‍ ഇന്നലെ ഉച്ചയോടെ എസ്‌ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. ജാഥയിലെ പ്രസംഗത്തിൽ ഉണ്ടായ പ്രകോപനപരമായ പരാമര്‍ശം സംബന്ധിച്ച്‌ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നന്ദു വെട്ടേറ്റ് മരിച്ചത്.

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വെെകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപിയുടെ ഹര്‍ത്താലിന് ഹെെന്ദവ സംഘടനകളുടെയും പിന്തുണയുണ്ട്. വയലാറില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത ഇപ്പോഴും നിലനിൽക്കുന്നു