ആർമി റിക്രൂട്ട്‌മെന്റ് റാലിക്കായി കോവിഡില്ലാ സർട്ടിഫിക്കറ്റ്; ഉദ്യോഗാർഥികൾ നെട്ടോട്ടത്തിൽ
കൊയിലാണ്ടി: തിരുവനന്തപുരത്ത് ചൊവ്വാഴ്ച നടക്കുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കാൻ 48 മണിക്കൂർ മുമ്പ് കോവിഡില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം ഉദ്യോഗാർഥികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. 9 മുതൽ 13 വരെയാണ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. ഒമ്പതിന് പങ്കെടുക്കാൻ അഡ്മിറ്റ് കാർഡ് ലഭിച്ച ഉദ്യോഗാർഥികളാണ് ആശങ്കയിലായത്.
കോവിഡ്‌രഹിത സർട്ടിഫിക്കറ്റും രോഗലക്ഷണമൊന്നുമില്ലെന്നുമുള്ള സർക്കാർ ഡോക്ടർമാരുടെ സീലും ഒപ്പുമുള്ള രേഖ നിർബന്ധമാണ്. ചൊവ്വാഴ്ചത്തെ റാലിക്ക് പങ്കെടുക്കണമെങ്കിൽ ഞായറാഴ്ച ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർക്കാർ ആശുപത്രികളും മറ്റും അവധിയായതിനാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആവശ്യമായ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്ത ഇരുന്നൂറോളം പേർക്ക് പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയതായി നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ പറഞ്ഞു. അതത് പി.എച്ച്.സി.യിൽ ആന്റിജൻ ടെസ്റ്റിനും സർട്ടിഫിക്കറ്റ് നൽകാനും നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ അറിയിച്ചു.