ആസ്മയെ വരുതിയിലാക്കാന്‍ ഒമ്പത് വഴികള്‍; രോഗ പ്രതിരോധത്തിന് ഇവ ശീലമാക്കാം
ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ശ്വാസനാളികള്‍ നീരുവയ്ക്കുകയോ ചുരുങ്ങുകയോ ചെയ്യുന്ന അവസ്ഥയാണ് ആസ്മ. ചുമ, വലിവ്, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, ചുമ മൂലം ഉറങ്ങാന്‍ വയ്യാത്ത അവസ്ഥ, ക്ഷീണം എന്നിവയെല്ലാം ആസ്മയുടെ ഫലമായി ഉണ്ടാകാം. കുട്ടികളെയും മുതിര്‍ന്നവരെയും ആസ്മ ബാധിക്കാമെങ്കിലും കുട്ടികളില്‍ പൊതുവായി കാണുന്ന ഒരു മാറാ വ്യാധിയാണ് ഇത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 262 ദശലക്ഷം പേര്‍ക്ക് 2019ല്‍ ആസ്മ ബാധിച്ചു. 4.61 ലക്ഷം മരണങ്ങള്‍ക്കും ഈ രോഗം കാരണമായി.
ആസ്മ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെങ്കിലും ഇന്‍ഹേലറിലൂടെ എടുക്കുന്ന മരുന്നുകള്‍ കൊണ്ടും രോഗത്തിന് കാരണമാകുന്ന ട്രിഗറുകള്‍ പരമാവധി ഒഴിവാക്കി കൊണ്ടും ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. പൊടി, പൂമ്പൊടി, വരണ്ട വായു, പുക, വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍ തുടങ്ങി ആസ്മയ്ക്ക് കാരണമാകുന്ന നിരവധി ട്രിഗറുകള്‍ നമുക്ക് ചുറ്റുമുണ്ട്.
ആസ്മ ഫലപ്രദമായി നിയന്ത്രിക്കാനും ലക്ഷണങ്ങളെ ലഘൂകരിക്കാനും ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണെന്ന് മുംബൈ വോക്ക്ഹാര്‍ഡ് ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ജിഗ്‌നേഷ് പട്ടേല്‍ ഹെല്‍ത്ത്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
വീടുകള്‍ വൃത്തിയാക്കി വയ്ക്കാം
വീട് പൊടി പിടിച്ച് വൃത്തികേടായി കിടക്കാന്‍ അനുവദിക്കരുത്. മൃഗങ്ങളുടെ രോമങ്ങളും പൊടിയുമൊന്നും അടിഞ്ഞു കൂടാതെയും പൂപ്പല്‍ വളരാതെയും വീട് വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
ബെഡ്ഷീറ്റുകള്‍ മാറ്റാം
കിടക്കുന്ന ബെഡ്ഷീറ്റുകളും തലയണ കവറുകളുമൊക്കെ ഇടയ്ക്കിടെ മാറ്റേണ്ടതാണ്. മാറ്റുന്ന ഷീറ്റുകളും മറ്റും ചൂട് വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കണം.
വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് അകലം പാലിക്കാം
വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങളും പഴയ ചര്‍മ്മ കോശങ്ങളുമൊക്കെ ആസ്മ വരുത്തി വയ്ക്കാം. ഇതിനാല്‍ ആസ്മ പ്രശ്‌നമുള്ളവര്‍ വളര്‍ത്ത് മൃഗങ്ങളെ മുറിക്കുള്ളില്‍ കയറ്റാതിരിക്കുക.
വ്യക്തി ശുചിത്വം മുഖ്യം
കോവിഡ് കാലത്ത് പതിവായി ചെയ്ത പോലെ കൈകള്‍ എപ്പോഴും സോപ്പിട്ട് വൃത്തിയായി കഴുകേണ്ടതാണ്. അണുക്കള്‍ വായിലെത്താതിരിക്കാന്‍ ഇത് സഹായിക്കും.
ഇന്‍ഹേലറും മരുന്നും കൈയ്യെത്തും ദൂരത്ത്
ആസ്മയ്ക്കുള്ള ഇന്‍ഹേലറും മരുന്നുകളും കൈയ്യെത്തും ദൂരത്ത് തന്നെ എപ്പോഴും തയാറാക്കി വച്ചിരിക്കണം. യാത്രയ്‌ക്കൊക്കെ പോകുമ്പോള്‍ ഇവയെടുക്കാന്‍ മറക്കരുത്. വായു നിലവാരം മോശമാണെങ്കിലോ പൊടിയോ പൂമ്പൊടിയോ ഒക്കെ ഉള്ള സമയത്തോ മുറികള്‍ക്കുള്ളില്‍ പ്രവേശിക്കാതിരിക്കുക.
ട്രിഗറുകള്‍ അടയാളപ്പെടുത്തുക
പലര്‍ക്കും ആസ്മയ്ക്ക് തുടക്കം കുറിക്കുന്ന ട്രിഗറുകള്‍ വ്യത്യസ്തമായിരിക്കും. നിങ്ങളെ സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കുന്ന ട്രിഗറുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അതിനെ പറ്റി ഡോക്ടറുമായി ചര്‍ച്ച ചെയ്യുക.
സന്തുലിതമായ ഭക്ഷണക്രമം
ആപ്പിളുകള്‍, ബെറി പഴങ്ങള്‍ തുടങ്ങി ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ചുമ നിയന്ത്രിക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗപ്പെടുത്താം. ജങ്ക് ഫുഡ്, അധികം എണ്ണ ചേര്‍ന്ന ഭക്ഷണം, സംസ്‌കരിച്ചതും കാനിലാക്കിയതുമായ വിഭവങ്ങള്‍ തുടങ്ങിയവ ആസ്മ രോഗികള്‍ ഒഴിവാക്കണം.
പുകവലി ഒഴിവാക്കുക
ആസ്മ രോഗികള്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. പുകവലി ആസ്മ മരുന്നിന്റെ സ്വാധീനം കുറയ്ക്കും. പുകവലിക്കുന്നവരുടെ സമീപത്തും പോയി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
നിത്യവും വ്യായാമം
പേശികളെ ശക്തിപ്പെടുത്താനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കൃത്യമായ ശരീര ഭാരം നിലനിര്‍ത്താനും പ്രതിദിനം വ്യായാമം ചെയ്യാനും മറക്കരുത്.