ആസാം വെടിവെപ്പ്; കര്‍ഷകസംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്


ചെറുവണ്ണൂര്‍: കര്‍ഷക കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനിടെ ആസാമിലെ ധറാങ്ങിലെ സിപാജറില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പോലീസ് നിരായുധരായ രണ്ട് കര്‍ഷകരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ കര്‍ഷക സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ ആസാം വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആസാമിലെ പോലീസ് വെടിവെപ്പിലും, ന്യൂനപക്ഷ വേട്ടക്കുമെതിരെ ചെറുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടിയൊഴിപ്പിക്കുന്നതനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ പന്ത്രണ്ട് വയസ്സുളള കുട്ടി അടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയേറ്റ് വീണുകിടക്കുന്ന ആളുടെ നെഞ്ചില്‍ പോലീസ് ഫോട്ടോഗ്രാഫര്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ വന്‍ വിവാദമായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

കെ.കെ. നൗഫല്‍ അധ്യക്ഷത വഹിച്ചു. കോച്ചേരി അബ്ദുല്‍കരീം മുഖ്യപ്രഭാഷണം നടത്തി. ഉബൈദ് കുട്ടോത്ത്, പി.റയീസ്, കെ.കെ.റാഷിദ്, പി. ആസിഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.