ആശ്വാസ വാര്‍ത്ത: കോവിഡിന്റെ തീവ്രവ്യാപനത്തിന് അന്ത്യമാകുന്നുവെന്ന് റിപ്പോര്‍ട്ട്; ആര്‍ വാല്യു താഴുന്നു


ചെന്നൈ: ഇന്ത്യയില്‍ കോവിഡിന്റെ തീവ്രവ്യാപനം അവസാനിക്കുന്നതായി മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട്. ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ആര്‍ വാല്യുവിലെ കുറവ് മുന്‍ നിര്‍ത്തിയാണ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്.

ജനുവരി ഒന്ന് മുതല്‍ ആറ് വരെ 4 ആയിരുന്നു ആര്‍ വാല്യു. ജനുവരി ഏഴ് മുതല്‍ 13 വരെ 2.2 ആയി. 14 മുതല്‍ 21 വരെ 1.57 ആയി കുറഞ്ഞു. മുംൈബയിലെ ആര്‍ വാല്യു 0.67 ഉം ഡല്‍ഹിയിലേത് 0.98 ഉം കൊല്‍ക്കത്തയിലേത് 0.56 ഉം ആണ്.

കൊല്‍ക്കത്തയിലേയും മുംബൈയിലേയും ആര്‍ വാല്യു പ്രകാരം കോവിഡ് വ്യാപനം അവസാനിച്ചതായി അനുമാനിക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.ജയന്ത് ഝാ പറഞ്ഞു. ഡല്‍ഹിയിലും ചെന്നൈയിലും അവസാനത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 6 വരെയെ രൂക്ഷമായ വ്യാപനത്തിന് സാധ്യതയുള്ളു.

ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെയായിരിക്കും രൂക്ഷവ്യാപനത്തിന് സാധ്യതയെന്നായിരുന്നു ആദ്യ പഠനങ്ങള്‍. ഞായറാഴ്ച 3,33,533 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും കോവിഡ് കേസുകള്‍ കുറയുന്നുണ്ട്.