ആശ്രമം സ്കൂൾ ഇനി മുതൽ സർക്കാർ സ്കൂൾ; കയ്യടിക്കാം സർക്കാരിന്


കൊയിലാണ്ടി : നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം ആഹ്ലാദം പകരുന്നത് ഒരു ഗ്രാമത്തിനൊന്നാകെ. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററിയും, ഹൈസ്‌കൂളുമാണ് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ശ്രീവാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ.

വർഷങ്ങളായി മാനേജർ ഇല്ലാത്തതിനാൽ സ്കൂൾ ഭരണച്ചുമതല വടകര ഡി.ഇ.ഒ ഏറ്റെടുത്തിരുന്നു. തുടർന്ന് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമായി ഉന്നയിച്ച് വരികയായിരുന്നു. സ്കൂൾ പി.ടി.എ യും പഞ്ചായത്ത് ഭരണ സമിതിയും ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുകയും ചെയ്തു.

1964 ൽ ഡോ.എൻ.കെ.കൃഷ്ണൻ സ്ഥാപിച്ച സ്കൂൾ ചുരുങ്ങിയ കാലം കൊണ്ട് ജില്ലയിലെ മികച്ച സ്‌കൂളുകളിൽ ഒന്നായി മാറി. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ആയിരത്തി അഞ്ഞൂറിൽ അധികം വിദ്യാർഥികളും എഴുപതോളം അധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനം അദ്ദേഹത്തിന്റെ മരണത്തോടെ പ്രതിസന്ധികളിൽ അകപ്പെട്ടു. ട്രസ്റ്റ് അംഗങ്ങൾ തമ്മിൽ അധികാരത്തർക്കം ഉടലെടുക്കുകയും പ്രശ്നം കോടതി വ്യവഹാരങ്ങളിൽ കലാശിക്കുകയും ചെയ്തു. ഇതോടു കൂടി സ്കൂളിന്റെ ശനിദശ ആരംഭിച്ചു.

ട്രസ്റ്റ് അംഗങ്ങളിൽ ഭൂരിഭാഗവും മരണപ്പെട്ടത്തോടെ ട്രസ്റ്റ് അസാധുവായി മാറി. കോടതി ഉത്തരവ് വഴി താൽക്കാലിക മാനേജരായ വ്യക്തി മരണമടഞ്ഞതോടെ സ്‌കൂൾ ഭരണം വടകര ഡി.ഇ.ഒ ഏറ്റെടുത്തു. പിന്നീട് സ്കൂൾ അധ്യാപകരും പി.ടി.എ യുമാണ് പണം സമാഹരിച്ച് അത്യാവശ്യം വേണ്ട വികസന പ്രവർത്തനങ്ങൾ നടത്തി വന്നത്.

സർക്കാർ മേഖലയിൽ അല്ലാത്തതത്തിനാൽ സ്കൂൾ വികസനത്തിന്‌ ആവശ്യമായ ഫണ്ട് അനുവദിക്കാൻ സർക്കാരിനും പരിമിതികൾ ഉണ്ടായിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണൻ സ്‌കൂളിന് ബസ് അനുവദിക്കുകയുണ്ടായി.സ്കൂളിലെ പൂർവ്വ വിദ്യാർഥികൂടിയായ അദ്ദേഹം സ്കൂൾ സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം പ്രത്യേക താൽപ്പര്യമെടുത്താണ് ഏറ്റെടുക്കൽ സാധ്യമാക്കിയത്.

വർഷങ്ങൾക്ക് മുൻപ് സ്കൂൾ സ്ഥാപിക്കപ്പെടുമ്പോൾ,സ്കൂൾ പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലവും കെട്ടിട സൗകര്യങ്ങളും മറ്റ് ആസ്തിവകകളെല്ലാം നിരവധി വ്യക്തികൾ സംഭാവന നൽകിയവ ആയതിനാൽ സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നതിന് സാമ്പത്തിക ബാധ്യതയോ മറ്റ് തടസ്സങ്ങളോ ഇല്ലെന്ന് കോഴിക്കോട് ഡി.ഡി.ഇ യും വടകര ഡി.ഇ.ഒ യും സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

നിലവിൽ അഞ്ഞൂറോളം വിദ്യാർഥികളും 44 ജീവനക്കാരും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ കളിൽ മികച്ച വിജയവും സ്കൂൾ കരസ്ഥ മാക്കുകയുണ്ടായി. സർക്കാർ ഏറ്റെടുക്കുന്നത്തോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറുമെന്നും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാടെന്നും കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായ സി.ഹരീന്ദ്രൻ മാസ്റ്റർ പറഞ്ഞു.