ആശങ്ക നീങ്ങി; കൊയിലാണ്ടി ആനക്കുളത്ത് അപടകടത്തില്‍ പെട്ട വാഹനത്തില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ പൈനാപ്പിള്‍ കൃഷിക്ക് ഉപയോഗിക്കുന്നത്
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപം ആനക്കുളത്ത് ദേശീയപാതയില്‍ അപകടത്തില്‍ പെട്ട പിക്കപ്പ് വാനില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശങ്കയ്ക്ക് വിരാമം. പൈനാപ്പിള്‍ കൃഷിക്കായി ഉപയോഗിക്കുന്ന നീളമേറിയ കത്തിയാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് കൊയിലാണ്ടി സി.ഐ സുനില്‍ കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കൂരാച്ചുണ്ടിനടുത്ത് മങ്കയത്ത് പൈനാപ്പിള്‍ കൃഷി ചെയ്യുന്നവരുടെ വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ കൃഷിക്കായി ഉപയോഗിക്കുന്ന ആയുധങ്ങളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. അപകടമുണ്ടായതിനെ തുടര്‍ന്ന് ഭയചകിതനായാണ് പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
വടകര ഭാഗത്ത് നിന്ന് വന്ന വാന്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികനായ കൊല്ലം സ്വദേശി മുഹമ്മദ് ജാസിമിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അപകടമുണ്ടായ ഉടന്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ പിഷാരികാവ് ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. കൊയിലാണ്ടി സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വാഹനം കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.