ആശങ്കയ്ക്ക് മാസ്കിട്ട് കുരുന്നുകള്‍; തിരിച്ചെത്തി സ്കൂള്‍ക്കാലത്തിന്റെ വർണപ്പകിട്ട്, ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ തുറന്നു
കോഴിക്കോട്: കോവിഡിന്റെ മഹാഭീതിയും അടച്ചിരിപ്പും കഴിഞ്ഞ് വിദ്യാലയത്തിന്റെ ആഹ്ലാദത്തിലേക്കും ആത്മവിശ്വാസത്തിലേക്കും കുട്ടികള്‍ തിരിച്ചെത്തി. ഇരുപത് മാസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു. വര്‍ണബലൂണുകളും സംഗീതവും കൊച്ചസമ്മാനങ്ങളുമായി പ്രിയവിദ്യാലയവും അധ്യാപകരും അവര്‍ക്ക് സ്വാഗതമോതി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യു.പി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏത് പ്രതിസന്ധിയെയും തരണംചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ക്ക് ഒരുവിധത്തിലുമുള്ള ആശങ്കകള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ എല്ലാവരുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുതുതായി എത്തിയെന്നും മന്ത്രി പറഞ്ഞു.
കര്‍ശന മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് സ്‌കൂളുകള്‍ തുറക്കുന്നത്. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ തയ്യാറായിക്കഴിഞ്ഞു. അധ്യാപകരും രക്ഷിതാക്കളും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് ക്ലാസ്മുറികളും വിദ്യാലയങ്ങളുടെ പരിസരവും വൃത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചും ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തിയുമാണ് ക്ലാസുകള്‍ നടത്തുക.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിശദമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അധ്യാപകര്‍ക്കുള്ള പരിശീലനങ്ങളും പൂര്‍ത്തിയായി. കോവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ അധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളില്‍ നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകളും ഉണ്ട്.
ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകള്‍. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാണ്. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25 ശതമാനംമാത്രം ഒരുസമയത്ത് സ്‌കൂളില്‍വരുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടക്കുക. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം സ്‌കൂളില്‍ വരാം. അടുത്തബാച്ച് അടുത്ത മൂന്നു ദിവസം സ്‌കൂളിലേക്കെത്തും.
ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ട. കുട്ടികള്‍ക്കൊപ്പമെത്തുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ വരേണ്ട. രോഗലക്ഷണം, പ്രാഥമികസമ്പര്‍ക്കം, പ്രാദേശികനിയന്ത്രണം എന്നിവയുള്ള സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികളും ജീവനക്കാരും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല. രണ്ടുഡോസ് കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്കും സ്‌കൂളില്‍ പ്രവേശനമില്ല.