ആശങ്കയുയര്‍ത്തി കീഴരിയുരിലെ കൊവിഡ് വ്യാപനം; 6,7,8 വാര്‍ഡുകളില്‍ ഇടറോഡുകളും,ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും അടച്ചു, ഇന്ന് നടുവത്തൂര്‍ യുപി സ്‌കൂളില്‍ കൊവിഡ് പരിശോധന ക്യാംപ്
മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിലെ കോവിഡ് പടരുന്ന 6, 7, 8 വാർഡുകളിൽ ഇടറോഡുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അടച്ചു. സെക്ടറൽ മജിസ്ട്രേട്ട് ശ്രീലു സ്ത്രീപതിയുടെ നിർദേശപ്രകാരമാണ് നടപടി. ഇന്നലെയും 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം 64 പേർ ചികിത്സയിലായി. വാർഡ് 7ൽ ആണ് ഇന്നലെ 7 കേസുകൾ റിപ്പോർട്ട് ചെയ്തത്.
അനാവശ്യമായി പുറത്തിറങ്ങി രോഗവ്യാപനമുണ്ടാക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.എ.ഹുസൈൻ അറിയിച്ചു.സെക്ടറൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. ശ്രീലേഷൻ, പി.കെ.ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് കട ഉടമകൾക്ക് കോവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ നൽകി.
പ്രാഥമിക ലക്ഷണങ്ങൾ ഉള്ളവരാരും പുറത്തിറങ്ങരുതെന്നും സ്വയം ക്വാറന്റീനിൽ പോയി ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മെഡിക്കൽ ഓഫിസർ ഡോ. ആർ.കെ.മുഹമ്മദ് അഷറഫ് അറിയിച്ചു. ഇന്ന് നടുവത്തൂർ യുപി സ്കൂളിൽ കോവിഡ് പരിശോധന ക്യാംപ് നടക്കും.