ആശങ്കയുയര്‍ത്തി ഒമിക്രോണ്‍, പ്രതിരോധശേഷി മറികടക്കുമെന്ന് മുന്നറിയിപ്പ്; പുതിയ വകഭേദം ബാധിച്ചവര്‍ 781 ആയി
കോഴിക്കോട്: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ അതിവേഗവ്യാപനത്തിനു കാരണം പ്രതിരോധശേഷി മറികടക്കാൻ അതിനുള്ള കഴിവാണെന്ന് ഇന്ത്യയിലെ പരിശോധനാ ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗ്. ഇതേക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചതായി അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിൽ 21 സംസ്ഥാനങ്ങളിലായി ഒമിക്രോൺ ബാധിതരുടെ എണ്ണം 781 ആയി. ഡൽഹിയിലാണ് (238) ഏറ്റവും കൂടുതൽപ്പേർ. മഹാരാഷ്ട്ര (167), ഗുജറാത്ത് (73), കേരളം (65), തെലങ്കാന (62) എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്. 241 പേർ രോഗമുക്തിനേടി.
അതേസമയം, ഒമിക്രോണില്‍ സമൂഹവ്യാപന സാധ്യത തള്ളാതെ ഡൽഹി സര്‍ക്കാര്‍. രാജ്യത്ത് ഡൽഹിയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ ബാധിതരുള്ളത്. 263 പേരിലാണ് പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചത്. ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമികോണ്‍ വകഭേദമാണ്. വിദേശയാത്ര പശ്ചാത്തലമില്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നതോടെ സമൂഹവ്യാപന സാധ്യത സര്‍ക്കാര്‍ തള്ളുന്നില്ല. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിലെ കൊവിഡ് കണക്കില്‍ 89 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 496 കൊവിഡ് കേസില്‍ നിന്ന് ഒറ്റ ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് കണക്ക് 923 ലേക്ക് എത്തിയത്.
സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി. തുടങ്ങി കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾക്കും ജനുവരി 10 മുതൽ മുൻകരുതൽ വാക്സിൻ നൽകും. ഇവർക്കുപുറമേ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, മുൻനിരപ്പോരാളികൾ, അനുബന്ധരോഗങ്ങളുള്ള അറുപതുപിന്നിട്ടവർ എന്നിവർക്കും 10 മുതൽ വാക്സിൻ നൽകുന്നുണ്ട്. 15-18നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കും.