ആശങ്കയായി ബ്ലാക്ക് ഫംഗസ്, രോഗം എങ്ങനെ നിര്‍ണയിക്കാം? പ്രതിരോധം, മുന്‍കരുതല്‍ എന്തൊക്കെ?


കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വ്വവും മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അറിയുന്നതിലൂടെ രോഗബാധ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനാകും.

വിവിധ തരം ഫംഗസുകള്‍ അഥവാ പൂപ്പലുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. അതിന്റെ കണികകള്‍ വായുവിലുണ്ട്. സാധാരണയായി പൂപ്പലുകള്‍ തൊലിപ്പുറത്ത് നിറവ്യത്യാസം, പാടുകള്‍, ചൊറിച്ചില്‍, അപൂര്‍വ്വമായി ചുണ്ടിലും വായിലും നിറവ്യത്യാസം എന്നിവ ഉണ്ടാക്കും. തൊലിപ്പുറത്ത് ഉപയോഗിക്കാവുന്ന മരുന്നുകള്‍ ഉപയോഗിച്ച് രോഗം ഭേദമാകും. മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസും നമുക്ക് ചുറ്റുമുള്ള ഒരു ഫംഗസാണ്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ ഇതു ബാധിക്കുമ്പോള്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുന്നു.

രോഗ സാധ്യത പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക്

നിയന്ത്രിതമല്ലാത്ത പ്രമേഹം, ക്യാന്‍സര്‍, കീമോതെറാപ്പി ചികിത്സ, ദീര്‍ഘകാലമായി കൂടിയ അളവില്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം, ജന്മനായുള്ള പ്രതിരോധശേഷിക്കുറവ്, എയ്ഡ്‌സ് രോഗബാധ എന്നീ അവസ്ഥകളില്‍ രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. കോവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളും രോഗപ്രതിരോധശേഷി കുറയ്ക്കും. ഏറെ നാള്‍ വെന്റിലേറ്ററില്‍ കഴിയുന്നവരിലും ഫംഗസ് ബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്.

ലക്ഷണങ്ങള്‍

കോവിഡിനെ തുടര്‍ന്ന് ഫംഗസ് രോഗബാധയുണ്ടാകുമ്പോള്‍ മുഖത്ത് തലയോട്ടിയിലെ മൂക്കിന്റെ അടുത്തുള്ള സൈസുകള്‍ അഥവാ അറകള്‍, കണ്ണ്, തലച്ചോറ് ഇവയെ ക്രമാനുഗതമായി ബാധിക്കുന്നു. നീണ്ടു നില്‍ക്കുന്ന കടുത്ത തലവേദന, മുഖം വേദന, മൂക്കില്‍ നിന്ന് സ്രവം / രക്തസ്രാവം, മുഖത്ത് നീര് വന്ന് വീര്‍ക്കുക, മൂക്കിന്റെ പാലത്തിലും അണ്ണാക്കിലും കറുപ്പ് കലര്‍ന്ന നിറവ്യത്യാസം, കണ്ണുകള്‍ തള്ളി വരിക, കാഴ്ച മങ്ങല്‍, കാഴ്ച നഷ്ടം, ഇരട്ടയായി കാണുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. തലച്ചോറിനെ ബാധിച്ചാല്‍ ബോധക്ഷയം, അപസ്മാരം തുടങ്ങിയവ ഉണ്ടാകാം.

രോഗനിര്‍ണ്ണയം

സ്രവ പരിശോധനയോ ബയോപ്‌സി പരിശോധനയോ നടത്തി ഫംഗസിനെ കണ്ടെത്തുന്നു. സ്‌കാനിംഗ് നടത്തി രോഗബാധയുടെ തീവ്രത അറിയാം.

ചികിത്സ

ശക്തി കൂടിയ ദീര്‍ഘനാള്‍ കഴിക്കേണ്ട ആന്റിഫംഗല്‍ മരുന്നുകള്‍ കഴിക്കേണ്ടിവരും. രോഗബാധ മൂലം നശിച്ച് പോയ കോശങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.

പ്രതിരോധം

ബ്ലാക്ക് ഫംഗസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരില്ല. പ്രമേഹം നിയന്ത്രിച്ച് നിര്‍ത്തണം. രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്. യഥാസമയം ചികിത്സ തേടണം.