ആവേശത്തിരയിളക്കി സുബ്രഹ്മണ്യൻ്റെ തീരദേശ യാത്ര


പയ്യോളി: കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ നയിക്കുന്ന തീരദേശ യാത്രക്ക് ആവേശകരമായ തുടക്കം. അയനിക്കാട് വെച്ച് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. അമേരിക്കൻ കമ്പനിക്ക് അറബിക്കടൽ കൊള്ളയടിക്കാൻ തുറന്ന് കൊടുത്ത സി.പി.എം. നയത്തിനെതിരെയുള്ള വിധിയെഴുത്താവണം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച പയ്യോളി നഗരസഭയിലെ കോട്ടക്കലിൽ നിന്നും ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി വെള്ളിയാഴ്ച ചേമഞ്ചേരി പഞ്ചായത്തിലെ കണ്ണൻ കടവിൽ സമാപിക്കും. കാവടിയാട്ടം, ശിങ്കാരിമേളം, കോൽക്കളി സംഘം, മോട്ടോർ സൈക്കിൾ റാലി, നാടക സംഘം, ബാൻ്റ് വാദ്യം എന്നിവ യാത്രയെ അനുഗമിച്ചു.

ആഴക്കടൽ മത്സ്യബന്ധന കരാറിൻ്റെ ആശങ്ക നിലനിൽക്കുന്ന തീരദേശത്ത് മത്സ്യത്തൊഴിലാളികളുൾപ്പെടെ നിരവധിയാളുകളാണ് സ്വീകരണ കേന്ദ്രങ്ങളിലെത്തിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ, മഠത്തിൽ അബ്ദു റഹ്മാൻ, മഠത്തിൽ നാണു മാസ്റ്റർ, വി.പി.ഭാസ്കരൻ, പി.ബാലകൃഷ്ണൻ, എം.വി.ബാബുരാജ്, പടന്നയിൽ പ്രഭാകരൻ, അസീസ് തിക്കോടി, മുജേഷ് ശാസ്ത്രി, സി.പി.സദ്ക്കത്തുള്ള, കെ.ടി.വിനോദ്, പി.എം.ഹരിദാസൻ, പുത്തൂക്കാട് രാമകൃഷ്ണൻ, സന്തോഷ് തിക്കോടി, തൻഹീർ കൊല്ലം, ചെരക്കോത്ത് ലത്തീഫ്, തുടങ്ങിയവർ സംസാരിച്ചു.

ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, ഗാന്ധിനഗർ കോളനി, കണ്ടംകുളം എൽ.പി.സ്കൂൾ പരിസരം. ഫിഷറീസ് സ്കൂൾ പരിസരം, സായ് വിൻ്റെ കാട്ടിൽ, തിക്കോടി ആവിക്കൽ, ലക്ഷം വീട് പരിസരം, പുളിവളപ്പ്മുക്ക്, കോടിക്കൽ, വാളയിൽ ബീച്ച്, ജുമാഅത്ത് പള്ളി ജംങ്ഷൻ, മുത്തായം ബീച്ച്, കൊല്ലം പാറപ്പള്ളി ബീച്ച് എന്നിവിടങ്ങളിൽ വരവേൽപ്പ് നൽകി.