ആവളയില്‍ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; തേങ്ങയും മേല്‍ക്കൂരയും കത്തിനശിച്ചു


പേരാമ്പ്ര: ആവള പള്ളിയത്ത് ഗുളികപ്പുഴ പാലത്തിന് സമീപം തേങ്ങാക്കൂട കത്തിനശിച്ചു. കോറോത്ത് കണ്ടി ഫൗസിയയുടെ തേങ്ങാക്കൂടയാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.

അപകത്തില്‍ കൊപ്രച്ചേവിലുണ്ടായിരുന്ന തേങ്ങയും മേല്‍ക്കൂരയും കത്തിനശിച്ചു. മുറിച്ചാണ്ടിയില്‍ മുഹമ്മദ് എന്ന ആളുടെ തേങ്ങയാണ് കൂടയിലുണ്ടായിരുന്നത്. പേരാമ്പ്രയില്‍ നിന്നും അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയത് കൂടുതല്‍ അപകടം ഒഴിവാക്കി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ (ഗ്രേഡ്) എ.ഭക്തവല്‍സലന്‍, കെ.ദിലീപ് എന്നിവരുടെ നേത്രത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ഓഫീസര്‍മാരായ കെ സുനില്‍, എന്‍.എം ലതീഷ്, പി.ആര്‍ സോജു, പി.ആര്‍ സത്യനാഥ്, എസ്.കെ സുധീഷ്, അജേഷ്, രാജീവന്‍, ബാബു എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.